ദൃശ്യത്തിന്റെ കോമഡി സ്കിറ്റിൽ‌ നിന്ന് ദൃശ്യം 2–ലേക്ക്: തിരഞ്ഞെടുപ്പിൽ ജീത്തുവിന് തെറ്റിയില്ല; കയ്യടി

മികച്ച പ്രതികരണം നേടി ദൃശ്യം 2 വിജയകരമായി പ്രദർശനം തുടരുമ്പോൾ ചർച്ചയാകുന്നത് പഴയൊരു കോമഡി സ്കിറ്റാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ദൃശ്യത്തിന്റെ സ്പൂഫ് കോമഡി സ്കിറ്റ്. അതിനു കാരണമുണ്ട്. ദൃശ്യത്തിന്റെ ഈ സ്പൂഫിൽ അഭിനയിച്ച മൂന്നു താരങ്ങൾ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലുണ്ട്. അതും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തുകൊണ്ട്. സുമേഷ് ചന്ദ്രൻ, അജിത് കൂത്താട്ടുകുളം, രാജേഷ് പരവൂർ എന്നിവർ തകർപ്പൻ കോമഡിയുടെ വേദിയിൽ നിന്ന് സിനിമയുടെ വലിയ സ്ക്രീനിലേക്ക് എത്തുമ്പോൾ മികച്ച പിന്തുണയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. 

ദൃശ്യത്തിന്റെ സ്പൂഫിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു അജിത് കൂത്താട്ടുകുളം ചെയ്തത്. ഒറിജിനൽ സിനിമയിലാകട്ടെ വരുൺ വധക്കേസിൽ ജോർജുകുട്ടിക്കെതിരായി നിർണായ മൊഴി നൽകുന്ന ജോസ് എന്ന കഥാപാത്രത്തെ അതിഗംഭീരമായി അജിത് അവതരിപ്പിച്ചു. ആറു വർഷം മുൻപ് അളിയനെ കൊന്ന് ജയിലിൽ പോയതാണ് ജോസ്. ദൃശ്യത്തിന്റെ ആദ്യഭാഗത്തിൽ ഇല്ലാത്ത ഈ കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിച്ചാണ് അജിത് പ്രേക്ഷകരുടെ കയ്യടി നേടിയത്. കോമഡി മാത്രമല്ല ക്യാരക്ടർ വേഷങ്ങളിൽ തിളങ്ങാനുള്ള റേഞ്ചുള്ള നടനാണ് താനെന്ന് ഈ കഥാപാത്രത്തിലൂടെ അജിത് തെളിയിക്കുന്നു. 

ദൃശ്യം 2 കണ്ട ആർക്കും സാബു എന്ന കള്ളുകുടിയനെ മറക്കാൻ കഴിയില്ല. സാബു എന്ന കഥാപാത്രത്തിന്റെ കയറ്റിറക്കങ്ങളെ അതിമനോഹരമായി അവതരിപ്പിച്ച സുമേഷ് ചന്ദ്രനും ദൃശ്യത്തിന്റെ സ്പൂഫിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ മുന്നിലുണ്ടായിരുന്നു. കേസ് അന്വേഷിക്കാനെത്തുന്ന സേതുരാമയ്യർ സിബിഐയുടെ ഒപ്പമുള്ള രസികൻ ഉദ്യോഗസ്ഥനെ രസകരമായി അവതരിപ്പിച്ച സുമേഷ് ചന്ദ്രന്റെ വേറിട്ട പ്രകടനമാണ് ദൃശ്യം 2ലുള്ളത്. സ്പൂഫിൽ സേതുരാമയ്യരായി വേഷമിട്ട രാജേഷ് പരവൂരിന് തഹസിൽദാരുടെ വേഷമാണ് സിനിമയിൽ. കുറച്ചു സമയം മാത്രമേ സിനിമയിൽ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും പ്രേക്ഷകരുടെ മനസിൽ കയറിക്കൂടുന്ന പ്രകടനമാണ് രാജേഷ് പരവൂർ കാഴ്ച വയ്ക്കുന്നത്. രാജേഷ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലും മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. 

ദൃശ്യത്തിന്റെ സ്പൂഫിൽ അഭിനയച്ച അഭിനേതാക്കളെ കണ്ടെത്തി അവർക്ക് അതേ സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ നൽകിയ സംവിധായകൻ ജീത്തു ജോസഫിന് സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്. ഈ കണ്ടെത്തൽ സമ്മതിച്ചേ തീരൂ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.