‘ചിലരുടെ ബോധമില്ലായ്മയാണ് പ്രശ്നം’: സലിം കുമാർ വിവാദത്തിൽ സലീം അഹമ്മദ്

ഐഎഫ്എഫ്‌കെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന്‍ സലിം കുമാറിനെ ഒഴിവാക്കിയ സംഭവത്തില്‍ പ്രമുഖരുടെ പ്രതികരണം വന്നുകൊണ്ടിരിക്കയാണ്. ആരുടെയും അസാന്നിധ്യം പ്രശ്നമല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ വാക്കുകൾ വിട്ടുവീഴ്ചക്കില്ലെന്നു വ്യക്തമാക്കുന്നു. 

ക്ഷമാപണം നടത്തിയിട്ടും രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയമായി കാണേണ്ടിവരുമെന്ന് മന്ത്രി എ.കെ.ബാലനും പറഞ്ഞു. െഎ.എഫ്.എഫ്.കെയില്‍ നടന്‍ സലിം കുമാര്‍ ഉയര്‍ത്തിയ വിവാദത്തിന് മേളയുടെ കൊച്ചി പതിപ്പിന്റെ ഉദ്ഘാടനവേദിയിലായിരുന്നു മന്ത്രിയുടെയും അക്കാദമി ചെയര്‍മാന്റെയും മറുപടി.

വിവാദത്തിൽ പ്രതികരണവുമായി  സംവിധായകൻ സലീം അഹമ്മദും രംഗത്തെത്തി. ‘ചിലരുടെ ബോധമില്ലായ്മയാണ് ഇവിടെ പ്രശ്നം’ എന്നായിരുന്നു വിഷയത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം. വിവാദത്തിൽ സാംസ്കാരിക മന്ത്രി എ.കെ. ബാലന്റെ വിശദീകരണത്തിനു മറുപടിയെന്നോണമായിരുന്നു സലീം അഹമ്മദിന്റെ പ്രതികരണം.

‘ഐഎഫ്എഫ്കെ ചടങ്ങില്‍ നിന്നും സലിംകുമാറിനെ  മാറ്റി നിർത്തിയതിൽ ബഹുമാനപ്പെട്ട സംസ്‍കാരിക വകുപ്പ് മന്ത്രിയുടെ വിശദീകരണം. "ബോധപൂർവം  ആരെയും മാറ്റിനിർത്തിയിട്ടില്ല"...ശരിയാണ് സാർ ചിലരുടെ ബോധമില്ലായ്മയാണ് പ്രശ്നം.’–സലീം അഹമ്മദ് പറഞ്ഞു.

കൊച്ചിയില്‍ ബുധനാഴ്ച ആരംഭിച്ച ചലച്ചിത്രമേള ചടങ്ങിലേക്ക് തന്നെ ഒഴിവാക്കിയതറിയിച്ച് സലിം കുമാര്‍ തന്നെയാണ് രംഗത്തെത്തിയത്. ദേശീയ പുരസ്‌കാരജേതാക്കളാണ് ചലച്ചിത്രമേളയ്ക്ക് തിരിതെളിയിക്കേണ്ടിയിരുന്നത്. തന്നെ വിളിക്കാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രായം കൂടുതലാണെന്നാണ് മറുപടി ലഭിച്ചതെന്നും സലിം കുമാർ പറഞ്ഞു.