‘മുന്നിലേക്ക് ചുരുട്ടിയിട്ട മുടി അന്ന് ഹിറ്റ്’; അമരം വന്ന വഴി; അശോകന്‍: അഭിമുഖം

amaram-new
SHARE

കടലിനെ ഓളങ്ങള്‍ക്കൊപ്പം മലയാളത്തിന്‍റെ ഹൃദയത്തില്‍ എഴുതിവച്ച അഭ്രകാവ്യം. അരയന്മാരുടെയും മുക്കുവന്മാരുടെയും നൊമ്പരങ്ങളും പിണക്കങ്ങളും പ്രണയവും പ്രമേയമാക്കി 1991 ഫെബ്രുവരി ഒന്നിനാണ് ‘അമരം’ എത്തുന്നത്. മലയാളസിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ എന്നും മുന്നിൽ തന്നെയുണ്ടാകും അമരം. ഭരതനും ലോഹിതദാസും ആദ്യമായി സംവിധായകനും തിരക്കഥാകൃത്തുമായി ഒന്നിച്ച സിനിമ. മമ്മൂട്ടിയുടെ പകരം വെക്കാനില്ലാത്ത പ്രകടനം. ഒപ്പം പ്രണയവും നൊമ്പരവും നിറഞ്ഞ പാട്ടുകളും വിങ്ങലാകുന്ന പശ്ചാത്തല സംഗീതവും.

സിനിമയിൽ രാഘവന്‍ എന്ന കഥാപാത്രമായി എത്തി മമ്മൂട്ടിയോടും മുരളിയോടുമൊക്കെ കിടപിടിച്ച് നിന്നത് അശോകനാണ്. അശോകന്റെ സിനിമാ ജീവിതത്തിലെ തന്നെ നിർണായക കഥാപാത്രമാണ് രാഘവൻ. ഇന്നും അത് മലയാളിമനസ്സിൽ ഓർത്തുവയ്ക്കുന്ന കഥാപാത്രമായത് എങ്ങനെയെന്ന് സിനിമയ്ക്ക് 30 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അശോകൻ മനോരമ ന്യൂസ് ‍ഡോട് കോമിനോട് പങ്കുവയ്ക്കുന്നു.

രാഘവനിലേക്ക് എത്തുന്നത്..?

ശരിക്കും ആ കഥാപാത്രത്തനായി എന്നെയല്ല കണ്ടുവച്ചിരുന്നത്. പെട്ടെന്നൊരു സാഹചര്യത്തിലാണ് നിർമാതാവ് തിരുവല്ല ബാബുവും മറ്റും ചേർന്ന് എന്റെ പേര് നിർദേശിക്കുന്നത്. ഈ കഥാപാത്രത്തിന് ഞാൻ ചേരുമെന്ന് അവർക്ക് തോന്നി. അന്ന് ഞാൻ ഇൻ ഹരിഹർ നഗറിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. കൊച്ചിയിലാണ് ആ ചിത്രത്തിന്റെ ഷൂട്ടിങ്. അവിടെ നിന്ന് അമരത്തിൽ അഭിനയിക്കാനായി ആലപ്പുഴയിലെത്തി. ഉദയ സ്റ്റുഡിയോയ്ക്ക് അടുത്തുള്ള ഓമനപ്പുഴ എന്ന സ്ഥലമായിരുന്നു പ്രധാന ലൊക്കേഷൻ. കൊച്ചിയിൽ താമസിച്ചിരുന്നതുകൊണ്ട് കുറച്ചൊക്കെ കടപ്പുറം ഭാഷ കൈകാര്യം ചെയ്യാൻ സാധിച്ചു. ചെമ്മീൻ എന്ന സിനിമയ്ക്ക് ശേഷം കടപ്പുറം പ്രമേയമാക്കി മലയാളത്തിൽ വിജയിച്ച ഒരു ചിത്രം അമരം മാത്രമാകും എന്ന് പറയാം.

രാഘവനെ ഇന്നും ഓർക്കുന്നതിന് പിന്നിൽ..?

എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് രാഘവൻ എന്ന് എല്ലാവരും പറയാറുണ്ട്. ആ സിനിമ ഹിറ്റായതുകൊണ്ട് ആ കഥാപാത്രവും പ്രശസ്തി നേടി. പെരുവഴിയമ്പലം, അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ, തൂവാനത്തുമ്പികൾ, പൊന്നുച്ചാമി തുടങ്ങിയ സിനിമകളിൽ വളരെ മികച്ച വേഷങ്ങൾ ചെയ്തു. പിന്നീട് ടിവിയില്‍ വന്നാണ് ഊ സിനിമകൾ ശ്രദ്ധ നേടിയത്. 

നിറമുള്ള ഷർട്ടും മുന്നിലേക്ക് ചുരുട്ടിയിട്ട മുടിയും

ഏറ്റവും മികച്ച കാസ്റ്റിങ്ങാണ് അമരത്തിൽ ഉണ്ടായിരുന്നത്. മമ്മൂട്ടി, മുരളി, മാതു, കെപിഎസി ലളിത, ചിത്ര തുടങ്ങി ഓരോ കഥാപാത്രങ്ങളും അവരവര്‍ മികവുറ്റതാക്കി. മാത്രമല്ല മികച്ച സംവിധായനും തിരക്കഥാകൃത്തും. ഓരോ സീനും കൃത്യമായി എഴുതിവച്ചിരുന്നു. എന്റെ കഥാപാത്രം ധരിക്കുന്ന ഷർട്ടുകൾ ശ്രദ്ധിച്ചാൽ മതി. കടും ചുവപ്പ്, മഞ്ഞ, പച്ച തുടങ്ങിയ നിറങ്ങൾ. മുടിയിൽ  കുറച്ച് എണ്ണ തേച്ചൊക്കെ ഒതുക്കി. ഒരു തുമ്പ് മുന്നിലേക്കിട്ട്. അതൊക്കെ അന്നത്തെ പ്രേമനായകന്റെ മാനറിസങ്ങളായിരുന്നു. ഇന്ന് ട്രോളുകളാകുന്നുണ്ടെങ്കിലും– ചിരിയോടെ അശോകന്‍ ഓര്‍ക്കുന്നു.

അവാർഡ് പ്രതീക്ഷ

അവാർഡുകളിൽ കാര്യമില്ല. മമ്മൂട്ടിക്കൊപ്പം തന്നെ പ്രാധാന്യമുള്ള വേഷം തന്നെയായിരുന്നു എന്റേതും. പല തരം മാനസികാവസ്ഥകളിലൂടെ കടന്നുപോകുന്ന ചെറുപ്പക്കാരൻ.  ഭരതൻ സർ അന്ന് എനിക്ക് സംസ്ഥാന അവാർഡ് ലഭിക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു. പക്ഷേ ലഭിച്ചില്ല. അതിൽ പരിഭവമില്ല.  

അമരത്തിന് മുമ്പും പിന്നെയും..?

ആ കാലഘട്ടത്തിൽ എനിക്ക് ലഭിച്ച കഥാപാത്രങ്ങൾ പിന്നീട് ലഭിച്ചിട്ടില്ല. അമരത്തിന് ശേഷം എന്ന് വേണമെങ്കിൽ പറയാം. അത്രമാത്രം ശക്തമായ, അഭിനയ സാധ്യതയുള്ള നിരവധി വേഷങ്ങൾ അന്ന് ചെയ്യാൻ സാധിച്ചു. അതും പ്രഗൽഭരായ സംവിധായകർക്കൊപ്പം. പിന്നീട് അത് ലഭിച്ചില്ല. പാപ്പി അപ്പച്ച എന്ന സിനിമയിലെ കഥാപാത്രം ആണ് പിൽക്കാലത്ത് കുറച്ചെങ്കിലും നല്ലതായി തോന്നിയത്. പരിഭവം ഏതുമില്ലാതെ അശോകൻ പറയുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...