ഒർജിനൽ ടോയ്​ലെറ്റ് കഴുകി; തറയിൽ നിന്ന് നക്കിക്കുടിച്ചു; അമ്പരപ്പിച്ച ജയസൂര്യ

സിനിമയോടും കഥാപാത്രങ്ങളോടും നൂറ് ശതമാനം നീതി പുലർത്തണം എന്ന നിർബന്ധമുള്ള നടൻമാരിൽ ഒരാളാണ് ജയസൂര്യ എന്നത് സംവിധായകരുടെ പക്ഷമാണ്. അഭിനയപ്രധാന്യമുള്ള വേഷങ്ങളിൽ അമ്പരപ്പിക്കുന്ന പ്രകടനം അദ്ദേഹം നടത്താറുമുണ്ട്. ഇക്കൂട്ടത്തിൽ രണ്ട് അനുഭവങ്ങൾ തുറന്നുപറയുകയാണ് സംവിധായകൻ പ്രജേഷ് സെൻ. മനോരമ ന്യൂസിനായി ജയസൂര്യയും പ്രജേഷും ഒരുമിച്ചെത്തിയ അഭിമുഖത്തിൽ നിന്നാണ് ഈ വാക്കുകൾ.

‘ക്യാപ്റ്റൻ എന്ന സിനിമയിൽ ജയസൂര്യയുടെ കഥാപാത്രം ഒരു പൊലീസ് ക്യാംപിലെ ടോയ്​ലെറ്റ് വൃത്തിയാക്കുന്ന സീനുണ്ട്. അത് ഷൂട്ട് ചെയ്യാൻ ഒരുങ്ങുമ്പോൾ നമ്മൾ ആദ്യം സെറ്റിട്ടു. പക്ഷേ ജയസൂര്യ വന്നപ്പോൾ ഇതെന്തിനാണ് എന്ന ചോദ്യമാണ് ഉണ്ടായത്. യഥാർഥ ടോയ്​ലെറ്റ് തന്നെ വൃത്തിയാക്കിക്കോളാം എന്ന് അദ്ദേഹം ഇങ്ങോട്ട് ആവശ്യപ്പെട്ടു. പിന്നാലെ ആ പൊലീസ് ക്യാംപിലെ ടോയ്​ലെറ്റ് വൃത്തിയാക്കി തന്നെയാണ് ആ സീൻ എടുത്തത്. വെള്ളം സിനിമയിലേക്ക് വരുമ്പോഴും അതിന് മാറ്റമില്ല. ആശുപത്രിയുടെ തറയിൽ വീണ് സ്പിരിറ്റ് നാക്ക് െകാണ്ട് നക്കിയെടുക്കുന്ന ഒരു ഷോട്ടുണ്ട്. ഫ്ലോർ സെറ്റിടാം എന്ന് പറഞ്ഞെങ്കിലും ജയസൂര്യ കേട്ടില്ല. ആശുപത്രിയിലെ ഫ്ലോറിൽ തന്നെയാണ് ആ സീൻ ചിത്രീകരിച്ചത്.’ പ്രജേഷ് പറയുന്നു.

മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്.  പൂർണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ചിത്രമാണ്  ‘വെള്ളം’. ഫ്രണ്ട്‍ലി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ  യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ജയസൂര്യയുടെ നായികമാരായി സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവർ എത്തുന്നു. സിദ്ധിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി തുടങ്ങിയവർക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും  അണി നിരക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.