പിറന്നാൾ ആഘോഷം വിവാദമായി; ക്ഷമ ചോദിച്ച് വിജയ് സേതുപതി

തമിഴ് നടൻ വിജയ് സേതുപതിയുടെ പിറന്നാൾ ആഘോഷം വിവാദമാകുന്നു. ജൻമദിനത്തിൽ വാൾ ഉപയോഗിച്ച് കേക്ക് മുറിച്ചതാണ് വിവാദത്തിൽ കലാശിച്ചത്. ചിത്രം സോഷ്യൽമീഡിയയിലും മറ്റും ട്രെൻഡിങ്ങായിരുന്നു. ചിത്രത്തെക്കുറിച്ച് വ്യാപകമായി പരാതി ഉയർന്നതോടെ ക്ഷമാപണവുമായി താരം രംഗത്തെത്തി. 

ചിത്രം മോശം സന്ദേശമാണ് നൽകുന്നതെന്നും ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്നും വിജയ് സേതുപതി പറഞ്ഞു. പിറന്നാൾ ആശംസകൾ നേർന്ന എല്ലാവർക്കും നന്ദി പറയുന്നു. പൊൻറാം സാറിന്റെ പുതിയ ചിത്രത്തിലാണ് താൻ ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ജൻമദിനം ആഘോഷിച്ചത്. സിനിമയിൽ വാൾ ഒരു പ്രധാന ഘടകമാണ്. അതു കൊണ്ടാണ് വാൾ ഉപയോഗിച്ച് കേക്ക് മുറിച്ചത്. ഇത് തെറ്റായ പ്രവർത്തിയാണെന്നു പലരും പറയുകയും ആളുകൾക്കിടയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. തന്റെ പ്രവർത്തി ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും താരം ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. 

പൊൻറാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു ആഘോഷം. അണിയറ പ്രവർത്തകരാണ് ആഘോഷം സംഘടിപ്പിച്ചത്.