ആകെ 42.50 കോടി; കേരളത്തിൽ 2.2 കോടി; ‘മാസ്റ്ററായി’ വിജയ്: വന്‍ പ്രതീക്ഷ

കോവിഡ് പ്രതിസന്ധിയോടെ വൻ ദുരിതത്തിലായ സിനിമാ വ്യവസായത്തിന് പുത്തൻ ഉണർവ് സമ്മാനിക്കുകയാണ് വിജയ് ചിത്രം മാസ്റ്റർ. തിയറ്ററിൽ കോടികൾ കിലുക്കി ആദ്യ ദിനം തന്നെ വിജയ് തെന്നിന്ത്യൻ സിനിമയുടെ ദളപതിയായി. ആദ്യ ദിനം ഇന്ത്യയൊട്ടാകെ ചിത്രം വാരിക്കൂട്ടിയത് 42.50 കോടി രൂപയാണ്. തമിഴ്നാട്ടിൽ നിന്നും 26 കോടി നേടിയപ്പോൾ കേരളത്തിലെ ആദ്യ ദിന കലക്‌ഷൻ 2.2 കോടിയാണ്.

ട്രേഡ് അനലിസ്റ്റ് ആയ സുമിത് കഡേൽ ആണ് കലക്‌ഷൻ വെളിപ്പെടുത്തിയത്.

തമിഴ്നാട്– 26  കോടി

ആന്ധ്രപ്രദേശ്/നിസാം - 9 കോടി

കർണാടക - 4.5 കോടി

കേരള– 2.2 കോടി

നോർത്ത് ഇന്ത്യ-0.8 കോടി

ബഹുഭൂരിപക്ഷം റിലീസിങ് സെന്‍ററുകളിലും റിലീസ് ദിനത്തിലെ മിക്കവാറും എല്ലാ പ്രദര്‍ശനങ്ങളും ഹൗസ് ഫുള്‍ ആയിരുന്നു. കോവിഡ് മുന്‍കരുതലിന്‍റെ ഭാഗമായി അൻപത് ശതമാനം ആളുകളെ മാത്രമാണ് തിയറ്ററിൽ പ്രവേശിപ്പിച്ചിരുന്നത്. തമിഴ്നാട്ടിൽ പുലര്‍ച്ചെ നാല് മണിയ്ക്ക് തന്നെ പലയിടത്തും ഫാന്‍സ് ഷോകള്‍ ആരംഭിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മാസ്റ്ററിന് വരവേല്‍പ്പു നല്‍കാന്‍ അതൊന്നും ആരാധകരെ ബാധിച്ചിട്ടില്ല. കേരളത്തിൽ രാവിലെ ഒൻപത് മണി മുതലായിരുന്നു പ്രദർശനം.

ട്രാവന്‍കൂര്‍ മേഖലയില്‍ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും കൊച്ചി-മലബാര്‍ ഏരിയകളില്‍ ഫോര്‍ച്യൂണ്‍ സിനിമാസുമാണ് മാസ്റ്ററിന്‍റെ കേരളത്തിലെ വിതരണാവകാശം വാങ്ങിയിരുന്നത്. ചിത്രത്തിനു ലഭിച്ച വലിയ വരവേൽപിന്റെ സന്തോഷത്തിലാണ് മലയാളം സിനിമാ ഇൻഡസ്ട്രയും. 85 സിനിമകളാണ് റിലീസ് കാത്തിരിക്കുന്നത്. ഷൂട്ടിങ്ങും മറ്റുമായി പുരോഗമിക്കുന്നതു 35 സിനിമകൾ.