കുണ്ടന്നൂർ പാലത്തിലൂടെ രാത്രി സവാരിയുമായി ഇന്ദ്രജിത്തും മകളും; ചിത്രങ്ങൾ

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ തുറന്നത് ആഘോഷമാക്കുകയാണ് കൊച്ചിക്കാർ. ഉദ്ഘാടനം ദിവസമായ ഇന്നലെ രാത്രി കുണ്ടന്നൂർ പാലത്തിൽ യാത്രക്കാർ വാഹനം നിർത്തി വിശ്രമിക്കുന്നതും സെൽഫിയെടുക്കുന്നതും കാണാമായിരുന്നു. പലരും കുടുംബസമേതം നടക്കാനുമിറങ്ങി. സൈക്കിൾ സവാരിക്കാരും പാലത്തിൽ നിരന്നു. അലങ്കാര ദീപക്കാഴ്ചകളൊരുക്കിയ കുണ്ടന്നൂർ , വൈറ്റില പാലങ്ങൾ കാണാൻ മനോഹരവുമായിരുന്നു. 

ഇതിനിടെ നടൻ ഇന്ദ്രജിത്തും മകൾ പ്രാർഥനയും അവതാരികയായ രഞ്ജിനി ഹരിദാസും കുണ്ടന്നൂർ മേൽപ്പാലം തുറന്നത് ആഘോഷിക്കാനെത്തി. രാത്രിയിൽ സവാരിക്കിറങ്ങിയ താരങ്ങൾ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചു. 

പുതുക്കിപണിത വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ചയാണ് നാടിന് സമർപ്പിച്ചത്. മേൽപാലങ്ങൾ തുറന്നതോടെ കുണ്ടന്നൂർ–വൈറ്റില യാത്ര എളുപ്പമായി. മേൽപാലങ്ങൾ തുറക്കുന്നതിനു മുൻ‍പു കുണ്ടന്നൂരിൽ നിന്നു വൈറ്റില വരെ 5 കിലോമീറ്റർ യാത്ര ചെയ്യാൻ 14 മിനിറ്റു വേണ്ടി വന്നപ്പോൾ പുതിയ മേൽപാലങ്ങളിലൂടെ 5 മിനിറ്റു കൊണ്ട് ഈ ദൂരം പിന്നിടാൻ കഴിഞ്ഞുവെന്ന് യാത്രക്കാർ പറയുന്നു.

കൊച്ചി – ധനുഷ്കോടി, പൻവേൽ – കന്യാകുമാരി, കുണ്ടന്നൂർ – വെല്ലിങ്‌ടൻ ഐലൻഡ് എന്നീ ദേശീയപാതകളുടെ സംഗമസ്ഥാനമായ കുണ്ടന്നൂരിലും ആശ്വാസത്തിന്റെ വഴി തുറക്കും പുതിയ മേൽപാലം.