ക്യാപിറ്റോൾ കലാപം നേരത്തെ ‘പ്രവചിച്ച്’ ടിവി സീരീസ്; ‍െഞട്ടിത്തരിച്ച് അമേരിക്ക

കാലത്തോടൊപ്പം സഞ്ചരിക്കുകയെന്നതാണ് ഏതൊരു ടെലിവിഷൻ പരിപാടിയേയും പ്രസക്തമാക്കുന്നത്. അപ്പോൾ കാലങ്ങളെ പ്രവചിക്കുന്ന പരിപാടികൾ സംപ്രേഷണം ചെയ്യപ്പെട്ടാലോ?

അവിടെയാണ് സിംപ്സൺസ് ഹിറ്റാകുന്നത്. കഴിഞ്ഞ ബുധനാഴ്ച അമേരിക്കയിലുണ്ടായ ക്യാപിറ്റോൾ കലാപമാണ് 1996ൽ സിംപ്സൺസ് സംപ്രേഷണം ചെയ്തതെന്ന അമ്പരപ്പിലാണ് അമേരിക്കയിപ്പോൾ.

ഇരുപത്തിനാല് വർഷങ്ങൾക്കു മുൻപാണ് 'ദ് ഡേ ദ് വയലൻസ് ഡൈഡ്' എന്ന എപ്പിസോഡ് സിംപ്സൺസ് പുറത്തിറക്കുന്നത്. ഭരണഘടനാ ഭേദഗതിയെത്തുടർന്ന് തോക്കും സ്ഫോടകവസ്തുക്കളുമായി ക്യാപിറ്റോളിൽ പ്രവേശിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന കലാപകാരികളാണ് എപ്പിസോഡിലുളളത്.

എപ്പിസോഡിലുളള ചില കഥാപാത്രങ്ങൾ പോലും പുനരാവിഷ്കരിക്കപ്പെട്ടുവെന്നതാണ് സിംപ്സൺ ആരാധകരെ അതിശയത്തിലാക്കിയത്.

1993ലെ 'മാർജ് ഇൻ ചെയിൻസ്' എന്ന എപ്പിസോഡിൽ ഏഷ്യയിൽ നിന്നുളള അ‍ജ്ഞാത വൈറസ് ലോകത്തെ പ്രതിസന്ധിയിലാക്കുന്നതായാണ് സിംപ്സൺസ് കാണിച്ചത്. 2020ൽ കൊറോണ വ്യാപിച്ചതോടെ സിംപ്സൺസിന്‍റെ ഈ എപ്പിസോഡും ഏറെ ചർച്ചയായി.

നവംബറിലെ അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മുൻപ് സിംപ്സൺസ് ഇറക്കിയ എപ്പിസോഡിലെ ആഭ്യന്തര കലാപം 2021ൽ യാഥാർത്ഥ്യമാകുമോയെന്ന ആശങ്കയും അമേരിക്കൻ ജനത സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നു.

അമേരിക്കയിൽ ഏറ്റവും കൂടുതൽ കാലമായി സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ പ്രൈം ടൈം സീരീസാണ് സിംപ്സൺസ്. സിറ്റ്കോം (സിറ്റുവേഷണൽ കോമഡി) വിഭാഗത്തിൽപ്പെട്ട സിംപ്സൺ 1989 ഡിസംബർ 17നാണ് സംപ്രേഷണം ആരംഭിച്ചത്.