ഹീറോ ആകാൻ 300 രൂപയുമായി ഒളിച്ചോടിയ ഡ്രൈവറുടെ മകൻ; യാഷ് എന്ന റോക്കി ഭായ്; അക്കഥ

15 മണിക്കൂർ കൊണ്ട് രണ്ടരക്കോടി പേർ കണ്ടു കഴിഞ്ഞു കെജിഎഫ് ട്രെയിലർ. അതിവേഗം 2.9 മില്യൺ ലൈക്കുമായി റെക്കോർഡ് മുന്നേറ്റം. ഇന്ത്യൻ സിനിമയിൽ അത്രമാത്രം അടയാളങ്ങളൊന്നുമില്ലാത്ത കന്നഡ സിനിമാമേഖലയിൽ മാറ്റത്തിന്റെ െകാടുങ്കാറ്റ് ആവർത്തിച്ച് വീശിക്കുകയാണ് യാഷ് എന്ന നടൻ. കെജിഎഫ് എന്ന ഒറ്റ സിനിമയിലൂടെ ഇന്ത്യയിൽ തരംഗമായി മാറുകയാണ് മെൽവിൻ യാഷ് എന്ന നടനും അദ്ദേഹത്തിന്റെ ജീവിതക്കഥയും. നടനാവണമെന്ന് ആഗ്രഹിച്ച് വീട്ടിൽ നിന്ന് ഒളിച്ചോടി പോയ ഒരു ചരിത്രം കൂടിയുണ്ട് താരത്തിന്.

ഹിന്ദിയിലും തെലുങ്കിലും തമിഴിലും മലയാളത്തിലും വിസ്മയങ്ങൾ വിരിയുമ്പോൾ എന്നും തട്ടുപൊളിപ്പൻ സൃഷ്ടികൾ മാത്രമേ കന്നട സിനിമയിൽ നിന്ന് ഉണ്ടാകൂവെന്ന മുൻവിധികൾ മാറ്റിയെഴുതുകയായിരുന്നു കെജിഎഫിന്റെ ആദ്യ വരവ്. രണ്ടാം വരവിന്റെ  സൂചന പുറത്തുവന്നതോടെ ഇന്ത്യ ഒന്നടങ്കം കാത്തിരിപ്പിലാണ്. ബോക്സോഫീസിൽ കോടികൾ കിലുക്കാൻ.

കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ എത്തിയ സിനിമ, ചരിത്രത്തിൽ ആദ്യമായി ഒരു കന്നഡസിനിമ അഞ്ചു ഭാഷകളിൽ ഇന്ത്യയിലുടനീളം പ്രദർശനത്തിനെത്തി. കേരളത്തിലെ തീയറ്ററുകൾ ഒരു കന്നട സിനിമയക്കു വേണ്ടി ആർപ്പുവിളികൾ ഉയർന്നു. ആ ആർപ്പുവിളിയുടെ കയ്യടിയും റോക്കിംഗ് സ്റ്റാർ യാഷിന് അവകാശപ്പെട്ടതാണ്. പതിറ്റാണ്ടുകളുടെ കഠിനയാതനകൾക്കും സമർപ്പണത്തിനുമുളള അംഗീകാരം. കന്നഡ സിനിമയെന്ന പേര് ഉച്ചരിക്കുന്നതു പോലും അയിത്തമായി കരുതിയിരുന്ന സിനിമാപ്രവർത്തകർക്കിടിയിൽ സാൻഡൽവുഡിന് തലയുയർ‌ത്തിപ്പിടിക്കാൻ അവസരമൊരുക്കി കെജിഎഫും യാഷും.

ബസ് ഡ്രൈവറായിരുന്നു യാഷിന്റെ പിതാവ്. മകനെ ഒരു സർക്കാർ ഉദ്യോഗസ്ഥനാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. നവീൻ കുമാർ എന്നായിരുന്നു യാഷിന്റെ യഥാർത്ഥ പേര്. വീട്ടമ്മയായിരുന്നു അമ്മ. അവർക്ക് ചെറിയ ഒരു കടയുണ്ടായിരുന്നു. അവിടെ പച്ചക്കറിയും വിറ്റിരുന്നു. കട നോക്കി നടത്തിയിരുന്നത് യാഷ് ആയിരുന്നു. നടനാകണമെന്ന ആഗ്രഹം വീട്ടിൽ വിലപ്പോയില്ല. ചെറുതായിരുന്നപ്പോൾ മുതൽ ഒരു ഹീറോയാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഒരു ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യാഷ് അന്ന് വെളിപ്പെടുത്തൽ. 

‘എന്റെ അധ്യാപകർ വരെ എന്നെ ഹീറോയെന്ന് വിളിച്ചു. എന്റെ സ്വപ്നങ്ങളാണ് എന്നെ ഇതുവരെ നടത്തിയത്. എന്റെ സ്വപ്നങ്ങളിലാണ് ഞാൻ ഇതുവരെ നടന്നതും. എന്റെ മോഹം നടക്കില്ലെന്ന് ഉറപ്പായപ്പോൾ നടനാകാൻ വേണ്ടി വീട്ടിൽ നിന്ന് ഒളിച്ചോടി. 300 രൂപ മാത്രമാണ് എന്റെ കയ്യിൽ അന്ന് ഉണ്ടായിരുന്നത്. ബെഗംളുരുവിൽ എത്തിയ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഇത്രയും വലിയ ഒരു നഗരം ഞാൻ ആദ്യമായി കാണുകയായിരുന്നു. പക്ഷേ തോൽക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല. ഞാൻ ആത്മവിശ്വാസം ഉളള ആളാണ് അന്നും ഇന്നും. ലോകം ഒരിക്കൽ എന്നെ ശ്രദ്ധിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. വീട്ടിലേയ്ക്ക് എന്തു വന്നാലും മടങ്ങില്ല എന്നു തന്നെയായിരുന്നു തീരുമാനം. വീട്ടിലെത്തിയാൽ പിന്നെ ഒരു തിരിച്ചു പോക്കില്ലെന്ന് ഞാൻ ഉറപ്പിച്ചു.’ യാഷ് മുൻപൊരു അഭിമുഖത്തിൽ തുറന്നു പറഞ്ഞു.