തെറി പറയുന്നവരോട്: 'എന്നെ നന്നാക്കാൻ നിൽക്കേണ്ട'; ഫോട്ടോ ഷൂട്ട് വന്ന വഴി

rajaninew-08
ചിത്രങ്ങൾ കടപ്പാട്; ഇൻസ്റ്റഗ്രാം
SHARE

കിടിലൻ മെയ്ക്ക് ഓവറുമായെത്തി അമ്പരപ്പിക്കുകയാണ് രജനി ചാണ്ടി. സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് രജനി ചാണ്ടിയുടെ മെയ്ക്ക് ഓവർ ചിത്രങ്ങൾ വഴി വച്ചത്. അറുപതും അതിലധികവും പ്രായമുള്ള നടൻമാരുടെ മെയ്ക്ക് ഓവർ ചിത്രങ്ങൾക്ക് താഴെ ഗംഭീരമെന്ന് കമന്റിട്ടവരിൽ പലരും രജനി ചാണ്ടിയുടെ ചിത്രങ്ങൾക്ക് താഴെ 'വയസാം കാലത്ത് പോയി ബൈബിൾ വായിച്ചിരുന്ന് കൂടേ'യെന്നും, 'എന്തിന്റെ സൂക്കേടാ' എന്നുമെല്ലാം കമന്റിട്ടു. ഗംഭീരമായെന്നും കിടിലൻ ആറ്റിറ്റ്യൂഡാണെന്നും പറഞ്ഞവരുമുണ്ട്. ഫോട്ടോഷൂട്ടിനെ കുറിച്ച്   സമ്മിശ്ര പ്രതികരണങ്ങൾ ഉയരുമ്പോൾ രജനി ചാണ്ടി പറയുന്നതിങ്ങനെ...

സൈബർ ബുള്ളികളോട്.....

ഫെയ്ക്ക് ഐഡികളിൽ മറഞ്ഞിരിക്കാതെ ഒറിജിനൽ ഐഡികളിൽ നിന്ന് വന്ന് സംസാരിക്കൂ. പേടിത്തൊണ്ടൻമാരാണ് ഫെയ്ക്ക് ഐഡികളിൽ നിന്ന് സംസാരിക്കുന്നത്. ധൈര്യമുണ്ടെങ്കിൽ നേരിട്ട് സംസാരിക്കൂ. ഇതേ പ്രായത്തിലുള്ള നടൻമാർ ചിത്രങ്ങളിടുമ്പോൾ 'കിടില'മെന്ന് പറയുന്നവർ സ്ത്രീകളോട് ഇരട്ടത്താപ്പാണ് കാണിക്കുന്നത്.  എന്തു കൊണ്ട് സ്ത്രീകൾക്ക് ചെയ്തുകൂടാ? എന്താണതിലെ വ്യത്യാസം? പോയിരുന്ന് ബൈബിൾ വായിക്കൂ എന്ന് പറഞ്ഞവരുണ്ട്, വയസാംകാലത്ത് എന്തിന്റെ സൂക്കേടാ എന്ന് എഴുതിയവരുണ്ട്. ഇതിലും മോശമായ കമന്റുകളും ഉണ്ട്. എന്നെ നന്നാക്കാൻ വരേണ്ട കാര്യം മറ്റാർക്കും ഇല്ല. എന്റെ കുടുംബം എനിക്കൊപ്പമുണ്ട്. ചിത്രം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ നല്ലത്. അല്ലെങ്കിൽ ഇഷ്ടമായില്ല. അവിടെ നിർത്തിക്കൂടേ? ആളുകളിലെ നൻമ കാണാൻ ശ്രമിക്കൂവെന്നേ എനിക്ക് പറയാനുള്ളൂ. ഒന്നുമറിയാതെ, ഒരിക്കൽ പോലും നേരിൽ കാണാതെ ആളുകളെ കുറിച്ച് മോശം കമന്റുകളിടരുത്.  അവനവനും സമൂഹത്തിനും നല്ലത് ചെയ്യാൻ  ശ്രമിക്കുന്നതാവും നല്ലത്. എന്നെ നന്നാക്കാനും ഉപദേശിക്കാനും നിൽക്കേണ്ട. മറ്റുള്ളവർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യൂ. കമ്പനി വേണമെങ്കിൽ എന്നെയും വിളിക്ക് ഞാനും വരാം.

ആ ഫോട്ടോ ഷൂട്ട് വന്ന വഴി..

ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിന് പോയപ്പോഴാണ് ആതിരയെ പരിചയപ്പെട്ടത്. ആതിര ചെയ്ത ചില വർക്കുകളുടെ കാര്യമൊക്കെ സംസാരിക്കുകയും കാണുകയും ചെയ്തു. ഒരു ഫോട്ടോഷൂട്ട് ചെയ്താലോ എന്ന ആതിരയുടെ ചോദ്യമാണ് ഒരാഴ്ചയ്ക്കുള്ളിൽ നിങ്ങളീ കാണുന്ന മെയ്ക്ക് ഓവർ ചിത്രങ്ങളായത്. കോസ്റ്റ്യൂം മുഴുവൻ ടീമാണ് തീരുമാനിച്ചത്. അതേ കുറിച്ചുള്ള ആകുലതകളൊന്നും എനിക്കുണ്ടായിരുന്നില്ല. മോഡേൺ വസ്ത്രങ്ങളെ കുറിച്ച് ഐ ഡോൺഡ് കെയർ എന്നതാണ് എന്റെ നിലപാട്. അത്തരം ഇൻഹിബിഷൻ ഒന്നുമില്ലാത്തയാളാണ് ഞാൻ. റിയാലിറ്റി ഷോയുടെ കമന്റുകൾ കണ്ട് ക്ഷീണിച്ചിരുന്ന സമയമായിരുന്നു ഫോട്ടോഷൂട്ടിലേക്ക് എത്തിയത്. പക്ഷേ എന്ത് ചെയ്താലും ആളുകൾ രണ്ടഭിപ്രായം പറയും. അതുകൊണ്ട് തെറി പറയുന്നവർ പറയട്ടെ എന്നായിരുന്നു എന്റെ തീരുമാനം.

നെഗറ്റീവ് കമന്റുകൾ അന്ന് ഡിപ്രഷനിലാക്കി..

ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവച്ചപ്പോൾ ആദ്യമൊക്കെ ഭയങ്കര ആറ്റിറ്റ്യൂഡ്, ചുള്ളത്തി തുടങ്ങിയ കമന്റുകളാണ് കണ്ടത്. പിന്നീടത് ' പോയ് ചാകരുതോ എന്ന തരത്തിലേക്ക് കമന്റുകൾ മാറുന്നത് ഞാൻ കണ്ടു. റിയാലിറ്റി ഷോയുടെ സമയത്തെ നെഗറ്റീവ് കമന്റുകൾ കടുത്ത വിഷാദത്തിലേക്ക് തള്ളിയിട്ടിരുന്നു. 

ആ നിശബ്ദത എന്നെ വേദനിപ്പിച്ചു..

ഒരുപാട് സുഹൃത്തുക്കളുണ്ടെന്ന് കരുതിയിരുന്ന ആളായിരുന്നു ഞാൻ. പക്ഷേ റിയാലിറ്റി ഷോയ്ക്ക് ശേഷം യഥാർഥ സുഹൃത്തുക്കൾ ഇല്ലെന്ന് തിരിച്ചറിയുകയായിരുന്നു. സമൂഹമാധ്യമങ്ങളിലും മറ്റും വളരെ നെഗറ്റീവായി കമന്റുകൾ വന്നപ്പോൾ വർഷങ്ങളായി പരിചയമുള്ളവർ പോലും ഒപ്പം നിന്നില്ല. ' ഞങ്ങളുടെ ആന്റി അങ്ങനെയല്ല' എന്ന് ആരും പറഞ്ഞതുമില്ല. അത് എന്നെ വളരെയേറെ വേദനിപ്പിച്ചു. ആ സമയത്തും ഭാഗ്യലക്ഷ്മി കൂടെ നിൽക്കുകയും പിന്തുണ നൽകുകയും ചെയ്തു. 

പ്രായമായവരോടും പറയാനുണ്ട്...

എന്റെ സന്തോഷത്തിനെടുത്ത ചിത്രങ്ങളാണ് ഇതെല്ലാം.ഈ ജൂലൈയിൽ എഴുപത് വയസാകും. പ്രായമാകുന്നവർക്ക് അവരുടെ ഇഷ്ടങ്ങൾ ചെയ്യാൻ ഒരു പ്രചോദനമാകുക എന്നൊരു ഉദ്ദേശവും ഈ ഫോട്ടോഷൂട്ടിലൂടെ എനിക്കുണ്ടായിരുന്നു. വെറുതേ മുറിക്കകത്ത് ആരെയും ഭയന്ന് കഴിയരുത്. നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാന്‍ തോന്നുന്നുവെങ്കിൽ ചെയ്യൂ. ഞാനിപ്പോഴും സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുന്നു. തോട്ടത്തിലെ പണികൾ ചെയ്യുന്നു. നാളെയുണ്ടോയെന്ന് ആരറിഞ്ഞു. ഓരോ നിമിഷവും എങ്ങനെ സന്തോഷകരമാക്കാമെന്ന് നോക്കുകയല്ലേ വേണ്ടത്?

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...