അടിമുടി ആഡംബരം; താരങ്ങളുടെ ഇഷ്ട വാഹനമായി 'വെൽഫയർ'; സ്വന്തമാക്കി ഫഹദും

ടൊയോട്ടയുടെ ആഡംബര എംവിപിയായ വെൽഫയറിന് പ്രിയമേറുന്നു. മോഹൻലാലിനും സുരേഷ് ഗോപിക്കും ശേഷം യുവതാരം ഫഹദ് ഫാസിലാണ് വെൽഫെയർ സ്വന്തമാക്കയത്. നേരത്തെ  പോർഷെ കരേര എസും ഫഹദ്  വാങ്ങിയിരുന്നു.

ടാക്സ് ഉൾപ്പടെ ഒരു കോടിയിലേറെ രൂപയാണ് വാഹനത്തിനായി താരം ചിലവഴിച്ചത്.  യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയര്‍ വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഇലക്ട്രിക്കലി അഡ്‌ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി,  360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളുണ്ട്. പിന്നിലെ സീറ്റിലെ യാത്രക്കാരെ കൂടി പരിഗണിച്ചുള്ള സൗകര്യങ്ങളാണ് വാഹനത്തിലുള്ളത്.

രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്‌സുമുണ്ട്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍ പിന്‍ ആക്‌സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.