മഞ്ജുവിന്റെ ‘കിം കിം’ പാട്ടിന് ചുവട് വച്ച് കെനിയ; വിഡിയോ പങ്കിട്ട് താരം

കേരളത്തിൽ തരംഗമായ മഞ്ജു വാരിയരുടെ കിം..കിം പാട്ടിന് ചുവട് വച്ച് കെനിയയിലെ കുഞ്ഞുങ്ങൾ. താരം തന്നെയാണ് വിഡിയോ പങ്കുവച്ച് ഫെയ്സ്ബുക്കിലൂടെ കിം പാട്ട് അതിർത്തി കടന്ന വിവരം അറിയിച്ചത്. പാട്ടിനൊപ്പം ആസ്വദിച്ച് ചുവട് വയ്ക്കുന്ന കുട്ടികളാണ് വിഡിയോയിൽ. 

മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രമായ ജാക്ക് ആൻഡ് ജില്ലിലെ ‘കിം കിം കിം’ എന്ന വെറൈറ്റി പാട്ടിന് മഞ്ജു ചുവടു വച്ച വിഡിയോ വൈറലായിരുന്നു. ഡാൻസ് ചലഞ്ചുമായിട്ടായിരുന്നു താരത്തിന്റെ വരവ്. പിന്നാലെ സമൂഹമാധ്യമങ്ങളിൽ കിം തരംഗമായി.

സന്തോഷ് ശിവൻ രചനയും സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന ജാക്ക് ആൻഡ് ജില്ലിലെയാണ് ഈ ഗാനം. രാം സുരേന്ദറിന്റെ ഈണത്തിനു വരികൾ ഒരുക്കിയത് ബി.കെ.ഹരിനാരായണനാണ്. വ്യത്യസ്തമായ വരികൾ കൊണ്ടും ആശയം കൊണ്ടും ആലാപനം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ട് മികച്ച സ്വീകാര്യതയോടെ ട്രെൻഡിങ്ങിലും ഇടം നേടി. 

കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, അജു വർഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി, ഇന്ദ്രൻസ്, ബേസിൽ ജോസഫ് തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’. രാം സുരേന്ദറിനെക്കൂടാതെ ഗോപി സുന്ദറും ജേക്സ് ബിജോയ്‌യും ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നുണ്ട്. പശ്ചാത്തല സംഗീതം ജേക്സ് ബിജോയ് ആണ്.