കെ.കെ.ശൈലജയുടെ ചിത്രം മുഖച്ചിത്രമാക്കി ഫഹദ്; 'അലോഷി കമ്മ്യൂണിസ്റ്റാണോ' എന്ന് ചോദ്യം

വോഗ് ഇന്ത്യ മാഗസിന്റെ മുഖച്ചിത്രം ഫെയ്സ്ബുക്ക് പ്രൊഫൈൽ ചിത്രമാക്കി നടൻ ഫഹദ് ഫാസിൽ. കേരള ആരോഗ്യ മന്ത്രി കെ.കെ ശൈലജയാണ് നവംബര്‍ ലക്കത്തിലെ വോഗ് ഇന്ത്യ കവർ ചിത്രം. 'വുമണ്‍ ഓഫ് ദ ഇയര്‍ 2020' സീരിസിൽ ടീച്ചർ ഇടം നേടിയിട്ടുമുണ്ട്. 

'അലോഷി നീ കമ്മ്യൂണിസ്റ്റാണോ?', ഇനി നിങ്ങളുടെ സിനിമ കാണില്ല, തുടങ്ങി പോസ്റ്റിനുതാഴെ കമന്റുകൾ നിറയുകയാണ്. നസ്രിയ നസീം, റിമ കല്ലിങ്കല്‍, നൈല ഉഷ തുടങ്ങി സിനിമാതാരങ്ങളിൽ പലരും വോഗിന്റെ കവര്‍ പേജ് ഷെയര്‍ ചെയ്തിട്ടുണ്ട്.

വോഗ് ഇന്ത്യയുടെ ഏറ്റവും പുതിയ പതിപ്പില്‍ ശൈലജടീച്ചറുടെ എക്സ്ക്ലൂസീവ് അഭിമുഖവുമുണ്ട്. നിപ്പാ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മുന്നില്‍ നിന്നു നയിച്ച വനിതാ നേതാവെന്ന നിലയിലാണ് വോഗ് ടീച്ചറെ അടയാളപ്പെടുത്തുന്നത്. ബോളിവുഡ് താരം ശിൽപ ഷെട്ടി, സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് എന്നിവരുടെയും പ്രത്യേക അഭിമുഖം ഈ ലക്കത്തെ വോഗ് ഇന്ത്യയിൽ ഉണ്ട്.

ലോകപ്രശസ്ത ഫാഷന്‍, ലൈഫ്സ്‌റ്റൈല്‍ മാഗസിനാണ് വോഗ്. ഈ മാസം അവസാനമായിരിക്കും വോഗ് വുമണ്‍ ഓഫ് ദ ഇയര്‍ 2020 വിജയിയെ പ്രഖ്യാപിക്കുക.