‘ആ രംഗങ്ങൾ 2014ൽ നീക്കി; പെൺകുട്ടി എഴുതി നൽകി’; പൊലീസ് പറയുന്നു

പതിനാലാം വയസിൽ അഭിനയിച്ച സിനിമയിലെ ചില രംഗങ്ങൾ യുട്യൂബിലും പോൺ സൈറ്റുകളിലും പ്രചരിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം നേരത്തെ പൂർത്തിയായതാണെന്നു പൊലീസ്. ഫോർ സെയിൽ എന്ന സിനിമയിലെ രംഗമാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചതെന്നു സോന എം. എബ്രഹാം എന്ന പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. വിഡിയോ ഇതുവരെ നീക്കം ചെയ്തിട്ടില്ലെന്നും പെൺകുട്ടി ആരോപണം ഉന്നയിച്ചു.

എന്നാൽ, പെൺകുട്ടി പറയുന്ന രംഗങ്ങള്‍ 2014ൽതന്നെ യുട്യൂബിൽനിന്ന് നീക്കം ചെയ്തതാണെന്നു പൊലീസ് അറിയിച്ചു. 2014 ഫെബ്രുവരി രണ്ടിനാണ് പെൺകുട്ടിയുടെ പരാതി മുളന്തുരുത്തി സ്റ്റേഷനിൽ ലഭിക്കുന്നത്. പിന്നീട് എറണാകുളം റൂറൽ സൈബർ സെല്ലിനു കൈമാറി. അവർ പെൺകുട്ടി ആരോപിച്ച ദൃശ്യങ്ങള്‍ യുട്യൂബിന്റെ സഹായത്തോടെ നീക്കം ചെയ്തു.

2014 ഫെബ്രുവരി 26ന്, ദൃശ്യങ്ങൾ നീക്കം ചെയ്തതായി പെൺകുട്ടി പൊലീസിനു രേഖാമൂലം എഴുതി നൽകി. ഡിജിപിക്കും എഡിജിപിക്കും പരാതി നൽകിയെന്ന പെൺകുട്ടിയുടെ വാദം ശരിയല്ലെന്നും പൊലീസ് അറിയിച്ചു. ഇത്രയും വർഷങ്ങൾക്കുശേഷം പെൺകുട്ടി ആരോപണവുമായി എത്തിയ സാഹചര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.