വരുമാനമില്ല; നികുതി ഒഴിവാക്കണമെന്ന് രജനീകാന്ത്; കണ്ണുരുട്ടി കോടതി; പിൻവലിച്ചു

തെന്നിന്ത്യൻ താരം രജിനികാന്തിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സ്വന്തം ഉടമസ്ഥതയിലുള്ള കല്യാണ മണ്ഡപത്തിന്റെ ലോക്ഡൗൺ കാലത്തെ വസ്തു നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട ഹർജിയിലാണ് താക്കീത്. കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ 2020 മാർച്ച് 24 മുതൽ മണ്ഡപം അടഞ്ഞു കിടക്കുകയാണെന്നും വരുമാനമില്ലെന്നും കാണിച്ചാണ് രജനികാന്ത് കോടതിയെ സമീപിച്ചത്. സമയം പാഴാക്കുകയാണോയെന്നു ചോദിച്ച കോടതി, ചെലവു സഹിതം പരാതി തള്ളുമെന്നു മുന്നറിയിപ്പ് നൽകിയതോടെ ഹർജി പിൻവലിച്ചു.

കോടമ്പാക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിനു മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള വസ്തു നികുതി കുടിശ്ശികയായി 6.5 ലക്ഷം രൂപ അടയ്ക്കണമെന്ന ചെന്നൈ കോർപറേഷൻ നോട്ടിസിനെതിരെയാണ് താരം ഹൈക്കോടതിയിലെത്തിയത്. 

താങ്കളുടെ നിവേദനം തീർപ്പാക്കണമെന്നു കോർപറേഷൻ അധികൃതരോട് നിർദേശിക്കുന്നതല്ലാതെ മറ്റു ജോലികളൊന്നും കോടതിക്കില്ല എന്നാണോ കരുതുന്നതെന്ന ചോദ്യവും കോടതി ഉന്നയിച്ചു. കോർപറേഷൻ അധികൃതർക്കു ഹർജിക്കാരൻ നിവേദനം നൽകിയതു കഴിഞ്ഞ മാസം 23നാണ്. മറുപടിക്കു കാക്കാതെ തിരക്കിട്ടു കോടതിയിലേക്കു വന്നത് എന്തിനാണെന്നും ഇത്തരം കാര്യങ്ങൾ കോർപ്പറേഷനുമായിട്ടാണ് സംസാരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.