ദേശസ്നേഹചിത്രങ്ങൾ ഓൺലൈനിൽ; പേട്രിയോട്ടിസം ഫിലിം ഫെസ്റ്റിവലുമായി കേന്ദ്രം

സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി പേട്രിയോട്ടിസം ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ച് കേന്ദ്രം. നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യയാണ് ദേശസ്നേഹം പ്രമേയമാക്കിയ ചിത്രങ്ങളുടെ ഓൺലൈൻ സ്ട്രീമിങ് നടത്തുക. മലയാളത്തിൽ നിന്നു മേജർ രവി -മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ദ്  ബോർഡേഴ്സ് എന്ന ചിത്രവും ഫെസ്റ്റിവലിൽ ഇടംപിടിച്ചിട്ടുണ്ട്

കോവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ പകിട്ട് കുറയാതിരിക്കാൻ സമൂഹമാധ്യമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫെസ്റ്റിവൽ. ഓഗസ്റ്റ് 7 മുതൽ ഓഗസ്റ്റ് 21 വരെ സിനിമാസ് ഓഫ് ഇന്ത്യ എന്ന വെബ്സൈറ്റിലൂടെയാണ് ദേശസ്നേഹം പ്രമേയമാക്കിയ സിനിമകളുടെ സ്ട്രീമിംഗ്.  

മേജർ രവി രചനയും സംവിധാനവും നിർവഹിച്ച 1971 ബീയോണ്ട് ദ് ബോർഡേഴ്സ്,  മേജർ മഹാദേവൻ എന്ന സൈനിക കഥാപാത്രമായി മോഹൻലാൽ എത്തുന്ന നാലാമത്തെ ചിത്രമായിരുന്നു. 1971ലെ ഇന്ത്യ പാക് യുദ്ധം ആയിരുന്നു സിനിമയുടെ പ്രമേയം.

മേജർ രവി   ചിത്രത്തോടൊപ്പം ശ്യാം ബെനഗലിന്റെ  ഗാന്ധി സേ  മഹാത്മ തക്, ബിമൽ റോയിയുടെ  ഉദായർ  പാദേ. മണി രത്നം  ചിത്രം റോജാ,  രാജ്‌കുമാർ സന്തോഷിയുടെ ദ ലെജൻഡ് ഓഫ് ഭഗത് സിംഗ് എന്നീ സിനിമകളും  ഫെസ്റ്റിവലിൽ  ഉണ്ട്.   ഗാന്ധിയുടെ ജീവിതം പ്രമേയമാക്കിയ റിച്ചാർഡ് അറ്റൻബറോയുടെ ഗാന്ധിയും ഈ സീരീസിൽ ഉണ്ട്.