അമ്മൂ.. നീയെനിക്ക് എല്ലാം; നക്ഷത്രമായി തിളങ്ങൂ; പിറന്നാൾ ആശംസിച്ച് അഭിരാമി

ഗായിക അമൃതാ സുരേഷിന് പിറന്നാൾ ആശംസിച്ച് സഹോദരി അഭിരാമി. ദൈവം നൽകിയ സമ്മാനമാണ് അമൃതയെന്നും നക്ഷത്രമായി തിളങ്ങാനാവട്ടെയെന്നും അമൃത സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. കുറിപ്പിങ്ങനെ: 

'എന്റെ പ്രിയപ്പെട്ട കൺമണിക്ക് ജന്മദിനാശംസകൾ. സത്യം പറയാല്ലോ, ദശലക്ഷക്കണക്കിനു മനുഷ്യരിൽ ഒരുവളാണ് നീ. നന്മയും തിന്മയും സമം കലർന്ന മികച്ച കോമ്പിനേഷൻ. എന്തൊക്കെ പറഞ്ഞാലും, എന്റെ ഏറ്റവും അടുത്ത സുഹൃത്തും സഹോദരിയുമായി നീയില്ലായിരുന്നെങ്കിൽ ജീവിതം എന്തായിത്തീരുമായിരുന്നു?. ഞാൻ തെണ്ടിത്തിരിഞ്ഞു നടന്നേനെ. ഞാൻ മാത്രമല്ല എന്നെപ്പോലെ കുറേയധികം പേർ. 

ജീവിതത്തിൽ ഉയർച്ചയുണ്ടായപ്പോൾ ആ യാത്രയിൽ ഒരുപാട് കരങ്ങളെ ഒപ്പം ചേർത്തു പിടിച്ചതിനു നിനക്കു നന്ദി. വളരെ കുറച്ചു പേർക്കു മാത്രമേ അതു സാധിക്കൂ. നീ നിഷ്കളങ്കയും നിസ്വാർഥയും കഴിവുള്ളവളും സ്നേഹവും ദൈവഭയവും ഉള്ളവളുമാണ്. നീ ദൈവത്തിന്റെ സമ്മാനമാണ്. അമ്മൂ, നീ എനിക്ക് എല്ലാമെല്ലാമാണ്. യഥാർഥത്തിൽ നീ ഒരു നക്ഷത്രമാണ്. ഇനിയും തിളങ്ങുക. ഞാൻ എന്നും നിന്റെ പിന്നിൽ ഉണ്ടാകും. ജനിച്ച അന്നു മുതൽ നീയാണ് എന്റെ ആത്മാർഥ സുഹൃത്ത്. സ്നേഹവും വഴക്കും പ്രയാസങ്ങളും വിജയങ്ങളുമെല്ലാം നിറഞ്ഞ ഒരുപാട് വർഷങ്ങള്‍ ആശംസിക്കുന്നു. കൺമണിയ്ക്ക് ഒരുപാട് സ്നേഹത്തോടെ ഒത്തിരി ഉമ്മ’.  

 മികച്ച ഗായികയാണ് അഭിരാമിയും. ഇരുവരും ചേര്‍ന്ന് അവതരിപ്പിക്കുന്ന വിഡിയോകൾക്കും ആരാധകരേറെയുണ്ട്.