അഹാനയ്ക്ക് പിന്തുണ; ഡബ്സ്മാഷ് ചെയ്ത് കാളിദാസനും സഹോദരിയും; വിഡിയോ

നടി അഹാനകൃഷ്ണകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയുടെ തരംഗം അവസാനിക്കുന്നില്ല. ട്രോളുകളിൽ അഹാനയ്ക്ക് മറുപടിയുമായി ഒരു വിഭാഗം രംഗത്തെത്തിയപ്പോൾ പിന്തുണയുമായി ഒട്ടേറെ പേരാണ് സജീവമാകുന്നത്. കാളിദാസനും സഹോദരിയും അഹാനയുടെ വിഡിയോയുടെ ഡബ്സ്മാഷ് ചെയ്താണ് പിന്തുണ അറിയിച്ചത്. പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ അഹാനയുടെ വിഡിയോ ഷെയർ ചെയ്തിരുന്നു.

സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റുകൾ കൊണ്ട് നിറയ്ക്കുന്നവർക്കും മറ്റുള്ളവർക്കെതിരെ സത്യാവസ്ഥയറിയാതെ ആക്ഷേപങ്ങൾ ചൊരിയുന്നവർക്കെതിരെയും ചൊറിയൻ വിഡിയോയുമായി നടി അഹാനകൃഷ്ണകുമാർ എത്തിയത്. ''എ ലവ് ലെറ്റർ ടു സൈബർ ബുള്ളീസ്'' എന്ന പേരിലാണ് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പേരില്ലാത്ത, മുഖമില്ലാത്ത, വ്യക്തിത്വമില്ലാത്ത സൈബർ ഗുണ്ടകൾക്ക് തന്റെ വിഡിയോ സമർപ്പിക്കുന്നുവെന്നാണ് നടി തുടക്കത്തില്‍ തന്നെ പറയുന്നത്.

തിരുവനന്തപുരത്ത് കുറച്ച് നാളുകൾക്ക് മുൻപ് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിനെയും സ്വർണവേട്ടയെയും ബന്ധപ്പെടുത്തി അഹാന പങ്കുവച്ച ഇൻസ്റ്റാ​ഗ്രാം പോസ്റ്റ് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. അതിൽ ചിലർ വളരെ മോശമായ രീതിയിൽ അഹാനയെയും കുടുംബത്തേയും സാമൂഹിക മാധ്യമങ്ങളിലൂടെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു.