'സൂഫിയും സുജാതയും' പ്രേക്ഷകരിലേക്ക്; മലയാളത്തിലെ ആദ്യ ഒടിടി റിലീസ്

ഒടിടി പ്ലാറ്റ് ഫോമില്‍ ആദ്യമായി മലയാള സിനിമ റിലീസ് ചെയ്തു. വിജയ് ബാബു നിര്‍മിച്ച ജയസൂര്യചിത്രം സൂഫിയും സുജാതയുമാണ് അര്‍ധരാത്രി ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

ഈ ടൈറ്റില്‍ ഇനി മലയാള സിനിമയുടെ റിലീസിങ് ചരിത്രത്തിന്റെ ഭാഗമാണ്. ഒടിടി റിലീസ് നടത്തുന്ന ആദ്യമലയാള സിനിമയായി സൂഫിയും സുജാതയും. ഫ്രൈഡെ ഫിലിംസിനുവേണ്ടി വിജയ് ബാബുവാണ് ചിത്രം നിര്‍മിച്ചത്. കൊവിഡിനെതുടര്‍ന്ന് തിയറ്ററുകള്‍ തുറക്കാന്‍ വൈകുമെന്നുറപ്പായതോടെ സിനിമയുടെ തിയറ്റര്‍ റിലീസിന് കാത്തിരിക്കേണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. വിതരണക്കാരും തിയറ്റര്‍ ഉടമകളും എതിര്‍പ്പുമായി എത്തിയെങ്കിലും നിശ്ചയിച്ച റിലീസുമായി നിര്‍മാതാവ് മുന്നോട്ടുപോയി.

കരി എന്ന സിനിമയ്ക്കുശേഷം നരണിപ്പുഴ ഷാനവാസ് ആണ് സൂഫിയും സുജാതയും സംവിധാനം ചെയ്തത്. ജയസൂര്യ, അതിഥി റാവു തുടങ്ങിയവരാണ് മുഖ്യവേഷങ്ങളില്‍. തിയറ്റര്‍ തുറക്കുന്നതും പ്രതീക്ഷിച്ചിരുന്ന സിനിമകളില്‍ ചിലത് ഒടിടി റിലീസിങിനുള്ള നീക്കം അണിയറയില്‍ സജീവമാണ്. നിലവിലുള്ള സ്ഥിതി മറികടക്കുക മാത്രമാണ് ഉദ്ദേശമെന്നും തിയറ്റര്‍ ഉടമകളുടെ ആശങ്ക കാണാതിരിക്കുന്നില്ലെന്നുമാണ് അവര്‍ പറയുന്നത്.