പണം മുടക്കുന്നവന്റെ വിഷമം മനസിലാകില്ല, അല്ലേടാ: ലിജോയെ വിമര്‍ശിച്ച് കുറിപ്പ്

ഇനി താൻ സ്വതന്ത്രചലച്ചിത്രകാരനെന്ന പ്രഖ്യാപനവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. ലിജോയുടെ ഫെയ്സ്ബുക്ക് കുറിപ്പിന് അതേ നാണയത്തില്‍ മറുപടി പറഞ്ഞ് ഫിലിം ചേംബർ വൈസ് പ്രസിഡന്റ് അനിൽ തോമസ്. സിനിമയുടെ സൃഷ്ടാവ് നിർമാതാവാണെന്നും നിർമാതാവിന്റെ കഠിനാധ്വാനത്തിന്റെ ഫലമായുളള പണമാണ് സിനിമയുടെ അടിസ്ഥാനമെന്നും ഫിലിം ചേംബർ വൈസ് പ്രസിഡന്റ് അനിൽ തോമസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

അനിൽ തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഞങ്ങൾക്ക് സിനിമ പണമുണ്ടാക്കാനുള്ള ബിസിനസ് ആണ്. നമ്മൾ ജീവിക്കുന്ന രാഷ്ട്രം സ്വതന്ത്ര്യമാണ്. സിനിമയുടെ സൃഷ്ടാവ് നിർമാതാവാണ്. അയാളുടെ അധ്വാനത്തിന്റെ ഫലമായുണ്ടായ പണമാണ് സിനിമയ്ക്ക് ആധാരം.

നമ്മൾ ഒരു മഹാമാരിക്ക് നടുവിലാണ്. ഒരു യുദ്ധമാണിത്. തൊഴിൽരഹിതരായ ലക്ഷക്കണക്കിന് ആളുകൾ, സ്വത്വ പ്രതിസന്ധി, ദാരിദ്ര്യം,മരണങ്ങൾ..എല്ലാ നിക്ഷേപകരും ജീവനക്കാരും അതിജീവനത്തിനായി പൊരുതുന്നു. ഒരു വ്യവസായം എന്ന നിലയിൽ മുന്നോട്ട് പോകാൻ വഴിയുണ്ട്. അത് ഒന്നിച്ച് എന്നതാണ്. ഇത് നാർസിസ്റ്റുകൾ പറ്റിയ ഇടമല്ല. അതുകൊണ്ട് സമയത്തിനായി കാത്തിരിക്കൂ…ഈ പരീക്ഷണ സമയത്ത് ജീവിക്കാൻ ശ്രമിക്കു…കല സൃഷ്ടിക്കുന്നതിനും ആളുകളെ രസിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും

ജോലി ചെയ്യുക എന്നത് മനുഷ്യന്റെ പ്രവൃത്തിയാണ്. സൃഷ്ടിക്കുക എന്നത് ദൈവത്തിന്റെയും. 

അങ്ങോട്ട് നൽകുമ്പോഴേ ബഹുമാനം തിരിച്ചു കിട്ടൂ. പരാജിതരുടെ ശക്തിയെ ഒരിക്കലും കുറച്ചുകാണരുത്. കണ്ണടയ്ക്കുന്ന സമയത്തിനുള്ളിലാണ് ജയവും പരാജയവും സംഭവിക്കുന്നത്,ഞങ്ങൾ ബിസിനസുകാരാണ്, ഞങ്ങളുടെ മുൻഗണനകൾ എല്ലാറ്റിനുമുപരിയായി വരുന്നു …

അടികുറിപ്പ് : അന്യന്റെ വയറ്റിലെ അമേദ്യം കണ്ട് പന്നിയെ വളർത്തി ശീലിച്ചവന് പണം മുടക്കുന്നവന്റെ വിഷമം മനസിലാകില്ല, അല്ലേടാ !?’–അനിൽ കുറിച്ചു.

പുതിയ സിനിമകളുടെ ഷൂട്ടിങ് തൽക്കാലം പാടില്ലെന്ന നിർമാതാക്കളുടെ സംഘടനാതീരുമാനത്തിനെതിരെ  ലിജോ ഉൾപ്പടെയുള്ളവർ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ജുലൈ ഒന്നിന് തന്റെ പുതിയ സിനിമ 'എ'യുടെ ഷൂട്ടിങ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ലിജോ പണമുണ്ടാക്കുകയല്ല മറിച്ച് തന്റെ കാഴ്ചപാട് അടക്കം പങ്കുവയ്ക്കാനുള്ള മാധ്യമമാണ് സിനിമയെന്ന് പറഞ്ഞാണ് ഫെയ്സ്ബുക്കിൽ എത്തിയത്. മഹാമാരിയുടെയും മതവെറിയുടെയും തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും കാലത്ത് വിഷാദത്തിന് അടിമപ്പെട്ട് കലാകാരന്മാർ ജീവിതം അവസാനിപ്പിക്കുകയാണ്. തന്റെ സിനിമ എവിടെ പ്രദർശിപ്പിക്കണമെന്നത് സ്വന്തം തീരുമാനമാണെന്നും ലിജോ ഫെയ്സ്ബുക്കില്‍ കുറിച്ചു.