‘അവനെ കൊത്തിയ പാമ്പ് ഞാനാ’; ചർച്ചയായി മോഹൻലാലിന്റെ ഡയലോഗ്; ഞെട്ടിക്കും സാമ്യം

mohanlal-snake
SHARE

കൊല്ലം അഞ്ചലിൽ കിടപ്പുമുറിയിൽ ഉത്ര എന്ന യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജും സുഹൃത്തും അറസ്റ്റിലായിരിക്കുകയാണ്. ഞെട്ടിക്കുന്ന വാർത്തകളാണ് ഇതുസംബന്ധിച്ച് പുറത്തു വരുന്നത്.  പിടിയിലായതിന്റെ പിന്നാലെയാണ് ‘അവനെ കൊത്തിയ പാമ്പ് ഞാനാ’ എന്നു തുടങ്ങുന്ന സംഭാഷണവും അതുൾപ്പെടുന്ന സിനിമയും ചർച്ചയാവുന്നത്. മുപ്പത്തിയഞ്ചു കൊല്ലം മുമ്പ് പത്മരാജൻ തിരക്കഥയെഴുതി ഐ.വി .ശശി സംവിധാനം ചെയ്ത കരിമ്പിൻപൂവിനക്കരെ എന്ന ചിത്രത്തിലേതാണ് സംഭാഷണം. ഈ സിനിമയിലും പ്രമേയം പ്രതികാരമാണ്. കൊല്ലുന്നതോ കരിമൂര്‍ഖനെ ഉപയോഗിച്ചും.

1985 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ പ്രതികാരദാഹിയായ ഭദ്രൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്.  മമ്മൂട്ടി (ശിവൻ ), ഭരത് ഗോപി (ചെല്ലണ്ണൻ), ഉർവശി (ചന്ദ്രിക), രവീന്ദ്രൻ (തമ്പി) എന്നിവരും അണി നിരന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു പ്രതികാരകഥയാണ് പറഞ്ഞത്.

കരിമ്പു കൃഷി വ്യാപകമായിരുന്ന കാലത്തെ കഥ. തന്റെ സഹോദരനായ ചെല്ലണ്ണന്റെ മരണത്തിനു കാരണക്കാരിയായ ചന്ദ്രികയോടുള്ള ഭദ്രന്റെ പ്രതികാരമാണ് ഇതിലെ പ്രധാനപ്രമേയം. ചന്ദ്രികയെ വിവാഹം കഴിച്ച തമ്പി മരിച്ചതിനു ശേഷമുള്ള ശേഷമുള്ള രംഗം ഇങ്ങനെ.

ഗ്രാമത്തിലെ കരിമ്പിൻ പാടത്തിനരികിലെ നടവഴിയിലൂടെ നടന്നു വരുന്ന ചന്ദ്രിക. വഴിയിൽ തടഞ്ഞു നിർത്തിയ ഭദ്രൻ : വെരട്ട്... അല്ലേ ? ഇപ്പ എങ്ങനിരിക്കുന്നു?

ചന്ദ്രിക: അതെന്റെ വിധി

ഭദ്രൻ: വിധിയൊന്നുമല്ലേടീ..അവനെ കൊത്തിയ പാമ്പ് ഞാനാ... എനിക്കതിന്റെ ചെലവെന്തവാന്നറിയാവോ ? പാമ്പുപിടുത്തക്കാരൻ കൊറവന് കൊടുത്ത 150 രൂപയും മണ്ണാറക്കൊളഞ്ഞി വരെ പോയ വണ്ടിക്കൂലീം. അടുത്തത് നീയാ. പിന്നെ നിന്റെ മോൻ.

തന്റെ ഭർത്താവ് മരിച്ചത് പാമ്പ് തനിയെ കടിച്ചല്ല, പാമ്പിനെക്കൊണ്ട് കടിപ്പിച്ചായിരുന്നു എന്ന വിവരവും അത് ഒരു പ്രതികാരത്തിന്റെ തുടക്കവുമായിരുന്നു എന്ന് ഞെട്ടലോടെ കേൾക്കുന്ന ചന്ദ്രികയിലാണ് രംഗം അവസാനിക്കുന്നത്.

ഒരു രാത്രി കൈ കാലുകൾ കെട്ടിയിട്ട ശേഷം ഭദ്രൻ പാമ്പിനെ കൊണ്ട് തമ്പിയുടെ കാലിൽ കടിപ്പിക്കുന്നതിന്റെ രംഗങ്ങളും സിനിമയിൽ കാണാം. പാമ്പുകടിയേറ്റ പാടുകൾ ഉള്ളതു കൊണ്ട് ഭദ്രനെ ആരും സംശയിക്കുന്നുമില്ല.  ഇതാ ഇവിടെ വരെ, കാണാമറയത്ത് എന്നീ ചിത്രങ്ങൾക്കു ശേഷം പത്മരാജനും ഐ.വി. ശശിയും ഒരുമിച്ച ചിത്രമായിരുന്നു കരിമ്പിൻ പൂവിനക്കരെ. ഇരുവരും ഒരുമിച്ചു ചെയ്ത അവസാന ചിത്രവും. മമ്മൂട്ടി, മോഹൻലാൽ, ഐ വി ശശി, സീമ എന്നിവർ നിർമാണ പങ്കാളികളായിരുന്ന കാസിനോ എന്ന ബാനറിലായിരുന്നു ചിത്രം പുറത്തുവന്നത്.

അതേസമയം ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നത് നിഷേധിച്ച് പ്രതി സൂരജ്. ഉത്രയുടെ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് പ്രതി കൃത്യം നിഷേധിച്ചത്. പാമ്പിനെ കൊണ്ടുവരുന്നതിനായി സൂരജ് ഉപയോഗിച്ച കുപ്പി നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഉത്രയുടെ വീടിനടുത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ നിന്നാണ് കുപ്പി കണ്ടെടുത്തത്. തുടർന്നുള്ള അന്വേഷണത്തിൽ ഇത് നിർണായകമാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. 

സ്വത്ത് തിരികെ നൽകേണ്ടി വരുമെന്ന് ഭയന്നിട്ടാണ് താൻ ഉത്രയെ വകവരുത്തിയതെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചിരുന്നു. തെളിവെടുപ്പിനെത്തിച്ചപ്പോൾ ഈ വാക്കുകളാണ് പ്രതി നിഷേധിച്ചത്. 98 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കാറും സ്ത്രീധനമായി വാങ്ങിയായിരുന്നു അടൂര്‍ സ്വദേശിയായ സൂരജ് അഞ്ചല്‍ സ്വദേശിയായ ഉത്രയെ വിവാഹം കഴിച്ചത്. ഇതിന് ശേഷവും പല ആവശ്യം പറഞ്ഞ് സൂരജ് ഭാര്യാവീട്ടില്‍ നിന്ന് പണം വാങ്ങിയിരുന്നു. സ്വകാര്യ ബാങ്കിലെ പണം ഇടപാടുമായി ബന്ധപ്പെട്ട ജോലിയുണ്ടെങ്കിലും ശമ്പളം കുറവെന്ന പേരിലായിരുന്നു പണം വാങ്ങല്‍. ഒടുവില്‍ എല്ലാ മാസവും എണ്ണായിരം രൂപ വീതം വാങ്ങുന്നതും പതിവാക്കി. 

പരമാവധി സ്വത്ത് കൈക്കലാക്കിയതോടെ  ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ വിവാഹമോചനം നേടിയാല്‍ വാങ്ങിയ പണമെല്ലാം ഉത്രയുടെ വീട്ടുകാര്‍ക്ക് തിരികെ നല്‍കേണ്ടിവരുമെന്ന് സൂരജ് ഭയപ്പെട്ടു. ഇതോടെയാണ് ഭാര്യയെ കൊലപ്പെടുത്തി ഒഴിവാക്കാം എന്ന തീരുമാനത്തിലേക്കെത്തിയത്. ചോദ്യം ചെയ്യലിന് ഒടുവില്‍ സൂരജ് തന്നെ ഇക്കാര്യം സമ്മതിച്ചതോടെ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എന്നാല്‍ പാമ്പിനെ നല്‍കിയ സുരേഷിനെതിരെ കൊലക്കുറ്റം ചുമത്തുന്നതില്‍ അന്തിമതീരുമാനമായില്ല. ഗൂഡാലോചന, സഹായം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാവും ചുമത്തുക.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...