വാർണറിനെ സിനിമയിലേക്ക് ക്ഷണിച്ച് പോക്കിരി സംവിധായകൻ; പുത്തൻ വിഡിയോ വൈറൽ

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറിനെ സിനിമയിലേക്ക് ക്ഷണിച്ച് തെലുങ്കിലെ പ്രശസ്ത സംവിധായകൻ പുരി ജഗന്നാഥ്. അദ്ദേഹം സംവിധാനം ചെയ്ത പോക്കിരി എന്ന തെലുങ്കു ചിത്രത്തിലെ പ്രശസ്തമായ ഡയലോഗിനു ചുണ്ടു ചലിപ്പിക്കുന്ന ഒരു ടിക് ടോക് വിഡിയോ വാർണർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതു കണ്ടാണ് പുരി ജഗന്നാഥ് വാർണറിനെ അഭിനന്ദിച്ച് സിനിമയിലേക്കു ക്ഷണിച്ചത്. തന്റെ ഏതെങ്കിലും ഒരു ചിത്രത്തിൽ കാമിയോ റോളിൽ പ്രത്യക്ഷപ്പെടണമെന്നാണ് അദ്ദേഹം വാർണറിനോട് ആവശ്യപ്പെട്ടത്.

‘സിനിമ ഏതാണെന്ന് ഊഹിക്കൂ’ എന്ന ക്യാപ്ഷനോടെയാണ് വാർണർ പോക്കിരിയിലെ വിഖ്യാത ഡയലോഗിന് ചുണ്ടുചലിപ്പിച്ചത്. തന്റെ ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ജഴ്സിയണിഞ്ഞ് ബാറ്റ് ക്യാമറയിലേക്കു ചൂണ്ടിയായിരുന്നു വാർണറിന്റെ പഞ്ച് ഡയലോഗ്. ഈ ഡയലോഗ് ശ്രമിച്ചു നോക്കാൻ ആരാധകരെ ആഹ്വാനവും ചെയ്തു.

ഇതിന് പിന്നാലെ പുരി ജഗന്നാഥ് കുറിച്ചതിങ്ങനെ: ‘ഡേവിഡ്, ഇതു നിങ്ങളാണെന്നേ തോന്നൂ. തന്റേടവും കരുത്തും ആവോളം. ഈ ഡയലോഗ് താങ്കൾക്ക് വളരെയധികം ചേരുന്നുണ്ട്. അഭിനേതാവെന്ന നിലയിലും നിങ്ങൾ കഴിവു തെളിയിച്ചിരിക്കുന്നു. എന്റെ ഒരു സിനിമയിൽ കാമിയോ റോളിൽ പ്രത്യക്ഷപ്പെടുമെന്നു കരുതുന്നു. ഇഷ്ടം.. ഇതിനു നന്ദി പറഞ്ഞ് വാർണർ ട്വീറ്റ് ചെയ്തിട്ടുണ്ട്.