ഈ റോൾ നിനക്കാണെന്നു പറഞ്ഞവര്‍ അവഗണിച്ചു; രവി വള്ളത്തോള്‍ അന്ന് പറഞ്ഞത്

പ്രശസ്തിയുടെ മേൽവിലാസവുമായാണ് രവി വളളത്തോൾ ജനിച്ചത്. മേൽവിലാസം അത്ര നിസ്സാരമല്ല, മലയാളത്തിന്റെ മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ അനന്തരവൾ ആയ അമ്മ. മലയാള നാടക വേദിക്ക് മറക്കാനാവാത്തയാള്‍ അച്ഛന്‍–– ‌ടി.എൻ.ഗോപിനാഥൻ നായർ. മുത്തഛന്മാരും പേരുകേട്ടവർ –പ്രശസ്ത കവി കുറ്റിപ്പുറത്ത് കേശവൻനായരും സാഹിത്യനിരൂപകൻ സാഹിത്യ പഞ്ചാനൻ പി.കെ.നാരായണപിള്ളയും. തന്നെ സിരകളിൽ എഴുത്തും നാടകവും അഭിനയവുമൊക്കെയാണ് ഒഴുകുന്നതെന്നു സ്കൂളിൽ പഠിക്കുമ്പോഴേ രവി ഉറപ്പിച്ചിരുന്നു. സീരിയലിലെ 'മമ്മൂക്ക' എന്നു പലരും വിളിക്കുന്ന രവി വള്ളത്തോളിലേക്കു രവിയെന്ന കുട്ടി വളർന്നു. 

ഇത്രവലിയ മേൽവിലാസം ഒരു ഭാരമായോ എന്നു ചോദ്യം ഉയരുമ്പോഴൊക്കെ അദ്ദേഹം മറുപടി പറഞ്ഞിരുന്നത് ഇങ്ങനെയാണ്: ‘ഈ പൈതൃകം ഒരു ഭാഗ്യമല്ലേ ? എന്റെ മുത്തച്ഛന്മാർ എഴുതിയ കാര്യങ്ങളാണ് സ്കൂളിൽ ഞാൻ പഠിച്ചത്. സാഹിത്യകാരന്മാരും നടന്മാരുമെല്ലാം വീട്ടിലെ നിത്യസന്ദർശകർ. കുട്ടികൾക്കും അധ്യാപകർക്കും എന്നോടു വലിയ താൽപര്യമായിരുന്നു. ഇതിന് ഒരുപാട് ഗുണവും ദോഷവും ഉണ്ട്. ഈ പാരമ്പര്യം കൊണ്ട് എനിക്ക് ചാൻസുകൾ കിട്ടുന്നു എന്നായിരുന്നു പ്രധാന ആരോപണം. പക്ഷേ ഒരിക്കലും അവസരത്തിനുവേണ്ടി ഇതൊന്നും ഉപയോഗിച്ചില്ല. മാത്രമല്ല, എത്രയോ പേർക്ക് അഭിനയിക്കാൻ അവസരം ഉണ്ടാക്കിയിട്ടുമുണ്ട്. ഈ പൈതൃകത്തിലൊന്നും പുതിയ തലമുറയ്ക്ക് ഒരു താൽപര്യവുമില്ല. മലയാളത്തെക്കുറിച്ചും മലയാളിയെക്കുറിച്ചും അറിയാൻ ശ്രമിക്കാത്തവരാണ് അവരിൽ പലരും.’‌

സീരിയലിൽ ഒരുകാലത്ത് സജീവമായിരുന്ന രവി വള്ളത്തോൾ പക്ഷേ ഒരുപാട് സിനിമകളിലൊന്നും അഭിനിയിച്ചിട്ടില്ല. സീരിയലിൽ ഒതുങ്ങിപ്പോയതിനെക്കുറിച്ച് ചോദിക്കുമ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു:  'എന്തിനാണ് അങ്ങനെ തോന്നുന്നത്? എനിക്ക് കംഫർട്ടബിൾ ആയ ആളുകളുടെ കുടെ മാത്രമേ എനിക്കു ജോലി ചെയ്യാനാവൂ. എനിക്ക് എന്റേതായ ഒരു ഏരിയ ഉണ്ട്. കഥാപാത്രങ്ങളുണ്ട്. അതിൽ ഞാൻ സംതൃപ്തനാണ്. അച്ഛൻ പറഞ്ഞു തന്നത് അഭിനയിക്കാൻ ആരുടെ മുന്നിലും അപേക്ഷിക്കരുതെന്നാണ്. അതു പാലിക്കുന്നു. ആദ്യ സീരിയലായ വൈതരണിയുടെ കഥ അച്ഛന്റേതായിരുന്നു. സംവിധാനം പി.ഭാസ്കരൻ മാഷ്. അതിൽ തയ്യൽക്കാരന്റെ വേഷമായിരുന്നു. പിന്നെ ഒട്ടേറെ സീരിയലുകൾ. നന്മയുള്ള കഥാപാത്രങ്ങളായിരുന്നു എനിക്ക് കിട്ടിയതിൽ അധികവും. സംസ്ഥാന സർക്കാരിന്റേതുൾപ്പടെ നിരവധി പുരസ്കാരങ്ങൾ. അടൂർ സാറിന്റെ മതിലുകളിലൂടെയാണ് ആദ്യം സിനിമയിൽ മുഖം കാണിക്കുന്നത്. അതുകഴിഞ്ഞ് അദ്ദേഹത്തിന്റെ പല സിനിമകളിലും നല്ല കഥാപാത്രങ്ങൾ ലഭിച്ചു''.

സീരിയലിലും സിനിമയിലുമായി ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു. ഇതിനിടയിൽ വേദനിപ്പിക്കുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നു പറഞ്ഞ് അദ്ദേഹം: ''ഈ റോൾ നിനക്കു വേണ്ടിയാണ് എഴുതിയതെന്നു പറഞ്ഞ സംവിധായകർ, പിന്നീട് വിളിക്കുമ്പോൾ എന്നെ നിരാശപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ അവഗണിക്കുന്നതിൽ ദുഖമേയില്ല. കാരണം, ഞാൻ മണ്ണിലാണ് നിൽക്കുന്നത്. താരാകാശം എന്നെ മോഹിപ്പിക്കുന്നേയില്ല. അതുകൊണ്ട് ഡിപ്രഷനുമില്ല. സത്യൻ അന്തിക്കാടിന്റെ ഒരു സിനിമയിൽ പോലും അഭിനയിക്കാനാവാത്തതിൽ എനിക്കു സ​ങ്കടം തോന്നിയിട്ടുണ്ട്. സത്യന്റെ ഗ്രാമീണ കഥാപാത്രങ്ങൾ പലപ്പോഴും എന്റെ സ്വാഭാവവുമായി ചേർന്നു നിൽക്കുന്നതുകൊണ്ടാവാം അത്. ഒരു ഗുണ്ടയായോ, മസിൽപ്പെരുപ്പിച്ചു നിൽക്കുന്ന പൊലീസായോ എനിക്കു അഭിനയിച്ചു തകർക്കാനാവില്ല. കാരണം,എന്റെ മനസ്സ് അങ്ങനെയല്ല''. 

''പക്ഷേ, ഞാൻ സിനിമ ചെയ്തിരിക്കുന്നത് പ്രമുഖർക്കൊപ്പമാണ്. എം.ടി.യുടേയും അടൂരിന്റെയും സിബിമലയിലിന്റെയുമൊക്കെ സിനിമകളിൽ അഭിനയിക്കുമ്പോൾ തന്നെ ഞാൻ ഇവിടെ സീരിയലുകളിലും അഭിനിയിക്കുന്നു. അപ്പോൾ ഒരുപോലുള്ള കഥാപാത്രങ്ങളാണ് ചെയ്യുന്നതെന്നു പറയാനാവുമോ ? യഥാർത്ഥത്തിൽ ഇതൊരു വ്യത്യസ്തതയാണ്. എല്ലാം വെട്ടിപ്പിടിക്കണം എന്ന് എനിക്കാഗ്രഹമിമില്ല. അതുകൊണ്ടു തന്നെ എന്റെ മനസ്സിനെ വേദനിപ്പിക്കാതെ പുതിയ ഉടുപ്പു പോലെ സൂക്ഷിക്കാൻ കഴിയുന്നു''.

(2012–ൽ രവി വള്ളത്തോൾ‌ വനിതയ്ക്കു നൽകിയ അഭിമുഖത്തില്‍ പറഞ്ഞത്)