പേടിയുടെ രാജാവ്; മണ്ടത്തരത്തിന്റെ തമ്പുരാൻ; ശിക്കാരി ശംഭുവും ശുപ്പാണ്ടിയും തിരികെ

ഓർമ്മയുണ്ടോ ഈ മുഖം? ചട്ടിത്തൊപ്പി കൊണ്ട് മറച്ച കണ്ണുകൾ, പേടിച്ചാൽ ചുരുളുന്ന എലിവാലന്‍ മീശ... കടുവയേക്കാൾ ഭാര്യയെ പേടിക്കുന്ന പേടിയുടെ രാജാവ്. തോക്കുണ്ടെങ്കിലും ഇതുവരെ ഒരണ്ണാനെപ്പോലും വെടിവച്ചിട്ടില്ലാത്ത വേട്ടക്കാരൻ... അങ്ങനെ എന്തെല്ലാം പാടിനടക്കുന്നു ശംഭുവിനെപ്പറ്റി നാട്ടുകാർ!

ബാലരമയിലൂടെ ഒരു തലമുറയെ പൊട്ടിച്ചിരിപ്പിച്ച ശിക്കാരി ശംഭു നീണ്ട ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും മലയാളത്തിലേക്ക്. വി.ബി. ഹാൽബെ എന്ന കാർട്ടൂണിസ്റ്റ് രൂപം കൊടുത്ത ശിക്കാരി ശംഭു അഥവാ ശംഭു അമ്മാവന്റെ വേട്ടക്കഥകൾ ഈ വെള്ളിയാഴ്ച മുതല്‍ ബാലരമയിൽ പ്രസിദ്ധീകരിക്കുന്നു!മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമർ ചിത്രകഥ പ്രൈവറ്റ് ലിമിറ്റഡുമായി (‘ടിങ്കിൾ’ പ്രസാധകർ) ചേർന്നാണ് ശംഭുവിനെ വീണ്ടും മലയാളത്തിലെത്തിക്കുന്നത്.

1985 ലാണ് ബാലരമയില്‍ ശംഭുവിന്റെ അരങ്ങേറ്റം. രണ്ടു തലമുറകള്‍ ശംഭുവിന്റെ വേട്ടക്കഥകള്‍ വായിച്ചു കുടുകുടെ ചിരിച്ചു. അവരൊക്കെ ഇന്ന് അച്ഛനമ്മമാരും അപ്പൂപ്പന്മാരുമായി. പഴയ വായനക്കാർക്ക് സുപരിചിതനായ ശംഭു ബാലരമയിൽ വീണ്ടുമെത്തുമ്പോൾ വലിയ മാറ്റമൊന്നുമില്ല. ഹാൽബേ അന്തരിച്ച ശേഷം സാവിയോ മസ്കരേന്യസ് ആണ് ഇപ്പോൾ ശംഭുവിന് ജീവൻ നൽകുന്നത്.

ടിങ്കിളിലെ മറ്റൊരു കഥാപാത്രം കൂടി ഈ ആഴ്ച മുതൽ ബാലരമയിലെത്തുന്നു; മണ്ടത്തരങ്ങളുടെ തമ്പുരാൻ ശുപ്പാണ്ടി! മരമണ്ടൻ ശുപ്പാണ്ടിയും പേടിത്തൊണ്ടൻ ശംഭുവും ചേർന്ന് ഈ ലോക്ക്ഡൗൺ കാലത്ത് കുട്ടികളെ പൊട്ടിച്ചിരിയുടെ ലോകത്തെത്തിക്കുമെന്നു തീർ‌ച്ച!