വാടകക്കാരെ ഒഴിപ്പിച്ചു; വിജു പ്രസാദിനെ വേദനിപ്പിച്ച വീട്: ഇത് അജയന്റെ ‘സെറ്റ് മാജിക്’

ട്രാന്‍സ് ചിത്രത്തില്‍ വിജു പ്രസാദിന്റെ ഇല്ലായ്മയുടേയും ദാരിദ്ര്യത്തിന്റേയും പശ്ചാത്തലം പ്രേക്ഷകരിലേക്ക് ആഴ്ന്നിറങ്ങാന്‍ ആ വീട് ധാരാളമായിരുന്നു. രണ്ട് പ്രൈവറ്റ് ജെറ്റുകളും ആഡംബര കാറുകളും ലക്ഷക്കണക്കിന് വിശ്വാസികളും സ്വന്തമാകുന്നതിനു മുന്‍പ് വിജു പ്രസാദ് ജീവിച്ച വീട്. കൊതുകു കടി മൂലം അസ്വസ്ഥതയോടെ, പിറുപിറുത്ത് ഉറക്കമില്ലാത്ത രാത്രികളായിരിക്കുന്നു ആ വീട് വിജുവിനു സമ്മാനിച്ചത്. 

അസൗകര്യങ്ങളടങ്ങിയ വീടിന്റെ ചുരുങ്ങിയ ഷോട്ടുകള്‍ മാത്രമായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്‍. എന്നാല്‍ വിജുവിന്റെ കുടുംബപശ്ചാത്തലവും ദുരിതങ്ങളും കുറച്ചു സമയം കൊണ്ട് വരച്ചു കാട്ടാന്‍ സഹായിച്ച ഈ വീടിനെ പരിചയപ്പെടുത്തുകയാണ്  കലാസംവിധായകൻ അജയൻ ചാലിശ്ശേരി.  കന്യാകുമാരി കടൽക്കരയോട്‌ ചേർന്നുളള കെട്ടിടത്തിൽ നിന്നും വാടകക്കാരെ താൽക്കാലികമായി ഒഴിപ്പിച്ചാണ് വിജുവിന്റെ വീടാക്കി മാറ്റിയതെന്ന് അജയൻ പറയുന്നു. സിനിമയിൽ കാണുന്ന വീട്ടിലെ അടുക്കള, വിജുവിന്റെ മുറി, അനിയന്റെ മുറി ഇവയെല്ലാം സെറ്റിട്ടതായിരുന്നു.

അജയൻ ചാലശ്ശേരിയുടെ കുറിപ്പ്

ഇതാണു വിജു പ്രസാദിന്റെ വീട്‌ ! വളരെ ഭംഗിയേറിയ കന്യാകുമാരി കടൽക്കരയോട്‌ ചേർന്നുളള ഒരു പഴയ ശൈലിയിലുളള കെട്ടിടത്തിന്റെ മുകൾ നിലയാണു ഇത്‌.

അതിലെ വാടകക്കാരെ തൽക്കാലം ഒഴിപ്പിച്ച്‌ വിജുവിന്റെ വീടായി മാറ്റുകയായിരുന്നു. അടുക്കള നമ്മൾ അതിൽ സെറ്റ്‌ ചെയ്തതാണു. വിജുവിന്റെ മുറി..അനിയന്റെ മുറിയെല്ലാം സെറ്റു ചെയ്തു. പഴയതും നല്ല പോലെ ഉപയോഗിച്ച സാധനങ്ങൾ തപ്പിയെടുത്ത്‌ വീട്ടിൽ നിറയ്ക്കുക ആയിരുന്നു. മുമ്പും ശേഷവും എന്ന തരത്തിൽ ആണു ഫോട്ടോസ്‌. വിജുവിന്റെ കുട്ടിക്കാലം ചിത്രീകരിച്ച വീടും പരിസരത്ത്‌ ഉളളത്‌ തന്നെ അതിന്റെയും പഴയ രൂപവും നമ്മൾ ചെയ്തതും മനസ്സിലാക്കുക.