‘കുടുംബത്തിലെ മൂത്ത മകന്‍’; മമ്മൂട്ടി പറഞ്ഞാല്‍ മാത്രം കേട്ട സുകുമാരിച്ചേച്ചി; കുറിപ്പ്

മലയാളത്തിന്റെ പ്രിയ നടി സുകുമാരി വിട പറഞ്ഞിട്ട് ഇന്നേക്ക് ഏഴു വർഷം. സ്നേഹവും കരുതലും കൊണ്ട് എല്ലാവരുടെയും പ്രിയങ്കരിയായിരുന്ന സുകുമാരിയും മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയുമായുള്ള അപൂർവ സൗഹൃദവും ഇതിഹാസനടിയുടെ അവസാന നിമിഷവും പങ്കുവയ്ക്കുകയാണ് നിംസ് മെഡിസിറ്റി എംഡി ഫൈസൽഖാൻ. തന്റെ കുടുംബത്തിലെ മൂത്ത മകനായാണ് മമ്മൂട്ടിയെ സുകുമാരി കണ്ടതെന്നും മറ്റാര് പറഞ്ഞാലും അനുസരിക്കാത്ത കാര്യങ്ങൾ പോലും മമ്മൂട്ടി പറഞ്ഞാൽ മടി കൂടാതെ ചെയ്യുമായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുക്കുന്നു. കുറിപ്പ് വായിക്കാം..

ഇന്ന് മാർച്ച് 26. മലയാളത്തിന്റെ പ്രിയ നടി പദ്മശ്രീ സുകുമാരി ചേച്ചി നമ്മെ വിട്ടു പോയ ദിവസം. കഴിഞ്ഞ 7 വർഷങ്ങൾക്കു മുമ്പ് ഈ ദിവസമാണ് ഞാൻ ചേച്ചിയെ അവസാനമായി കണ്ടതും .

പദ്മശ്രീ മമ്മൂട്ടിയും നിംസ് ഹാർട്ട് ഫൗണ്ടേഷനും സംയുക്തമായുള്ള സൗജന്യ ഹ്യദയ ശസ്ത്രക്രിയ ഹാർട്ടു - ടു - ഹാർട്ട് പദ്ധതിയിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ തുടങ്ങിയ കാലം. ഒരു ദിവസം ഒരു അപ്രതീക്ഷിതമായ ഒരു കോൾ വന്നു....... 369 ൽ എൻഡുചെയ്യുന്ന നമ്പർ ..... അതെ മമ്മുക്കയായിരുന്നു . സുകുമാരി ചേച്ചി വരുന്നുണ്ടെന്നും കൃത്യമായി പരിശോധിക്കണമെന്നായിരുന്നു. അതിന്റെ വിവരം പറയണമെന്നും പറഞ്ഞു .ഒരു നിമിഷം രണ്ടുലഡു പൊട്ടിയതുപോലെ.. കാരണം മമ്മൂക്ക എന്നെ വിളിച്ചുവെന്നതും രണ്ടാമത്തേത് എനിക്ക് ധൈര്യമായി തിരിച്ചുവിളിക്കാമെന്നുള്ളതും

. പിറ്റെ ദിവസം തന്നെ സുകുമാരി ചേച്ചി നിംസിലെത്തി പരിശോധന ആരംഭിച്ചു .ഗുരുതരമാണെന്നും അടിയന്തരമായി വളരെ സങ്കീർണമായ ആൻജിയോപ്ലാസ്റ്റി വേണമെന്നും ഡോക്ടർ പറയുകയുണ്ടായി . ഞാൻ ഈ വിവരംചേച്ചിയുടെ മകൻ ഡോ.സുരേഷിനെ അറിയിച്ചു. അപ്പോഴേക്കും ചേച്ചി മമ്മുക്ക യെ വിളിച്ച് കാര്യം പറഞ്ഞിരുന്നു. രണ്ടു പേരുടേയും സമ്മതത്തിൽ ഡോ. മധുശ്രീധരൻ ആ റിസ്ക് ഏറ്റെടുത്തു .ആ ശസ്ത്രക്രിയ വിജയകരമായി. അവിടെ നിന്നും ചായങ്ങളും, വേഷപകർച്ചകളൊന്നുമില്ലാത്ത സുകുമാരി ചേച്ചിയെ എനിക്കു ലഭിച്ചു. ഈശ്വരവിശ്വാസവും, ഭക്തിയും , സഹപ്രവർത്തകരോടുള്ള സ്നേഹവും, കരുതലും,വാത്സല്യവുമെല്ലാം നിറഞ്ഞ വ്യക്തിത്വമായിരുന്നു ചേച്ചി .

ഓരോ ചെക്കപ്പിനു വരുമ്പോഴും മധുര പലഹാരങ്ങൾ കൊണ്ടുവരും. പരിചരിക്കുന്ന സ്റ്റാഫുകൾക്കും കരുതും. ഹ്യദയത്തിന്‍റെ പ്രവർത്തനം വീണ്ടും മോശമായതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി .കുറച്ചു നാൾ ചേച്ചി നിംസിൽ തന്നെയായിരുന്നു. സമയം കിട്ടുമ്പോഴെക്കെ ഞാൻ റൂമിൽ പോകും. ഓരോ ലൊക്കേഷനും, ഷൂട്ടിങ് അനുഭവങ്ങളും, വിശേഷങ്ങളുമെല്ലാം ചേച്ചി പറയുമായിരുന്നു. ഒരു ദിവസം പോയപ്പോഴേക്കും ചേച്ചി ഫോൺ തന്നിട്ടു പറഞ്ഞു സംസാരിക്കാൻ. മറ്റാരുമല്ല തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയായിരുന്നു. അങ്ങനെ എനിക്ക് പുരട്ചി തലൈവിയുമായും സംസാരിക്കുവാൻ പറ്റി. സഹപ്രവർത്തകരുടെ ഉന്നതിക്കു വേണ്ടി പ്രാർത്ഥിക്കുന്ന, ശുദ്ധജലം ഒട്ടുംപാഴാക്കാത്ത (വീട്ടിൽ കുപ്പിവെള്ള ബോട്ടിലുകളുടെ വലിയ ശേഖരം തന്നെയുണ്ട്) വ്യക്തിത്വം ..

പതിവില്ലാതെ എന്റെ ഫോൺ വെളുപ്പിന് ബെല്ലടിക്കുന്നു . ചേച്ചിയുടെ മിസ്ഡ് കോൾ ആയിരുന്നു .ഞാൻ തിരികെ വിളിച്ചു.പ്രാർത്ഥനാമുറിയിലെ വിളക്കിൽ നിന്നും തീ പടർന്നു പിടിച്ചെന്നായിരുന്നു ... ഞാൻ സുരേഷേട്ടനോട് (മകൻ)സംസാരിച്ചപ്പോൾ ആശുപത്രിയിൽ പോകുവാൻ വിസമ്മതിക്കുന്നുവെന്ന്.. ഫോൺ കട്ട് ചെയ്ത് ഞാൻ മമ്മൂക്ക യെ വിളിച്ചു. ഈ ലോകത്ത് മമ്മൂക്ക പറഞ്ഞാൽ മാത്രമേ ചേച്ചി കേൾക്കുകയുള്ളു . മമ്മുക്കയുടെ ശാസനയെ തുടർന്നാണ് ചേച്ചി ചികിത്സക്കു സഹകരിച്ചത്. പൊള്ളലിന്റെ ശതമാനവും, പ്രതിരോധശേഷി കുറവുമെല്ലാം നില വഷളായി തുടങ്ങി.. ഓരോ മണിക്കൂർ ഇടവിട്ട് മമ്മൂക്ക വിവരം തിരക്കിയിരുന്നു. അങ്ങനെ എഴു വർഷം മുമ്പുള്ള ഈ നാളിൽ ചേച്ചി നമ്മെ വിട്ടു പോയി. യാദൃച്ചികമായ പരിചയപ്പെടലിൽ തുടങ്ങി വലിയൊരു ആത്മബന്ധത്തിൻ്റെ അനുഭവമാണ് എനിക്ക് സുകുമാരി ചേച്ചിയെ പറ്റി ഓർക്കുമ്പോൾ.നന്ദി മമ്മൂക്ക. 

എന്റെ കുടുംബത്തിലെ മൂത്ത മകനാണ് മമ്മൂസ് എന്ന് എപ്പോഴുംചേച്ചി പറയുമായിരുന്നു. അതായിരിക്കാം ആ അമ്മ അവസാനവും ആ മൂത്ത മകനെ അനുസരിച്ചത്.