മോഹൻലാലിനെതിരെ കേസെന്ന് പ്രചാരണം; വാര്‍ത്ത തെറ്റെന്ന് മനുഷ്യാവകാശ കമ്മീഷൻ

ജനതാ കർഫ്യൂ ദിനത്തിൽ അശാസ്ത്രീയമായ പ്രചാരണങ്ങൾ നടത്തി എന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരെ കേസെടുത്തുവെന്ന വാർത്ത വ്യാജമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. മോഹൻലാലിനെതിരെ കേസെടുത്തെന്ന രീതിയിൽ ചില ഒാൺലൈൻ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽ പെട്ടെന്നും എന്നാൽ ഇത് വസ്തുതാവിരുദ്ധമാണെന്നും കമ്മിഷൻ‌ പിആർഒ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.

''ചൊവ്വാഴ്ച വൈകുന്നേരം മോഹൻലാലിന്റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓൺലൈനിൽ ലഭിച്ചിരുന്നു. സ്വാഭാവിക നടപടി ക്രമം എന്ന നിലയിൽ ആ പരാതിക്ക് നമ്പറിട്ടു എന്നതൊഴിച്ചു നിർത്തിയാൽ പ്രസ്തുത പരാതി കമ്മിഷൻ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ല'' – പത്രക്കുറിപ്പിൽ പറയുന്നു

ജനതാ കര്‍ഫ്യൂ ദിനത്തിൽ വൈകിട്ട് അഞ്ചിന് പാത്രങ്ങള്‍ തമ്മില്‍ കൊട്ടിയോ കൈകള്‍ കൂട്ടിയടിച്ചോ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഈ പ്രക്രിയ ഒരു മന്ത്രം പോലെയാണെന്നും വൈറസിനെതിരെയുള്ള പ്രതിരോധമാണെന്നും മോഹൻലാൽ പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിൽ താരത്തിനെതിരെ വ്യാപക വിമർശനം ഉണ്ടായതിനു പിന്നാലെയാണ് മോഹൻലാലിനെതിരെ കേസെന്ന വ്യാജവാർത്ത പ്രചരിച്ചത്.