താടിവച്ച് രണ്ടാഴ്ച; താടിയില്ലാതെ 5 ദിവസം: കരാര്‍ കണ്ട് വികാരാധീനനായി ഷെയിന്‍

ഷെയ്ൻ നിഗവുമായി നിലനിന്നിരുന്ന തർക്കവുമായി ബന്ധപ്പെട്ട് ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷനും അമ്മ സംഘടനുമായി നടന്ന സമവായ ചർച്ചയിലെ ധാരണകളുടെ വിശദാംശങ്ങൾ പുറത്ത്. കരാറിലെ വ്യവസ്ഥകളിൽ ഷെയ്നിന്റെ ഗെറ്റപ്പും നഷ്ട പരിഹാരത്തിന്റെ വീതം വയ്പ്പുമെല്ലാം പരാമർശിച്ചിട്ടുണ്ട്.

മാർച്ച് ഒൻപതിന് ഷെയ്ൻ വെയിൽ സിനിമയുടെ ചിത്രീകരണത്തിനെത്തണം. മാർച്ച് 28 ശനിയാഴ്ചയ്ക്കകം ഈ ചിത്രത്തിലെ താടിവച്ചുള്ള മുഴുവൻ രംഗങ്ങളും അഭിനയിച്ച് പൂർത്തിയാക്കണം. 20 ദിവസമാണ് വെയിൽ സിനിമയ്ക്കായി താടിവച്ച് ഷെയ്ൻ അഭിനയിക്കേണ്ടത്.

മാർച്ച് 31 മുതൽ ഏപ്രിൽ 13 വരെ 14 ദിവസം കുർബാനി സിനിമയിൽ താടിവച്ച് അഭിനയിക്കണം. പിന്നീടുള്ള 5 ദിവസം താടിയില്ലാതെയും ഈ സിനിമയിൽ അഭിനയിക്കണം. ഈ രണ്ട് സിനിമകളും പൂർത്തിയായ ശേഷം മാത്രമേ മറ്റ് ചിത്രങ്ങളിൽ ഷെയിൻ അഭിനയിക്കാൻ പാടുള്ളൂ.

കൂടാതെ വെയിൽ, കുർബാനി സിനിമകൾക്ക് നഷ്ടപരിഹാരമായി 16 ലക്ഷം രൂപ വീതം 32 ലക്ഷം രൂപ നൽകണം. വെയിൽ സിനിമയുടെ പ്രതിഫലത്തിന്റെ ബാക്കിയായി ഷെയ്നിന് നിർമാതാവ് ജോബി ജോർജ് നൽകാനുള്ള 16 ലക്ഷം രൂപ നൽകേണ്ടതില്ല. കുർബാനി സിനിമയുടെ പ്രതിഫല ഇനത്തിൽ നിർമാതാവ് സുബൈർ നൽകേണ്ട തുകയിൽ 16 ലക്ഷം കുറച്ച് നൽകിയാൽ മതി.

കരാർ ഷെയ്ൻ ഒപ്പിട്ട് നൽകിയതോടെ വിലക്ക് പിൻവലിക്കുന്നതായി നിർമ്മാതാക്കൾ അറിയിച്ചു. വെയിൽ, കുർബാനി സിനിമകളുടെ ഷൂട്ടിങ്ങിൽ തർക്കം ഉണ്ടാകാതിരിക്കാൻ വിവിധ സംഘടനാ നേതാക്കൾ മേൽനോട്ടം വഹിക്കും. പ്രതിഫലത്തിൽ 16 ലക്ഷം വീതം നഷ്ടപ്പെടുന്ന കരാർ ഒപ്പിടണമെന്ന് നിർദ്ദേശിച്ചപ്പോൾ ഷെയ്ൻ വികാരാധീനനായി. നിർമ്മാതാക്കളും അമ്മ ഭാരവാഹികളും ചേർന്ന് സമാധാനിപ്പിച്ചാണ് ഷെയ്നിനെ തിരിച്ച് യാത്രയാക്കിയത്.