ശശികലയായി ഷംന കാസിം; അമ്പരപ്പിച്ച അവസരം; ഭാഗ്യം വന്ന വഴി: അഭിമുഖം

ബോളിവുഡ് താരം കങ്കണ റണൗട്ട് തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിത ആയി എത്തുന്ന ചിത്രം തലൈവി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തലൈവിയായുള്ള കങ്കണയുടെ വേഷപ്പകര്‍ച്ച തെളിയിക്കുന്ന ഒരു പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ ജയലളിതയുടെ ഉറ്റ തോഴി ശശികലയായി വേഷമിടുന്നത് മലയാളത്തിന്റെ സ്വന്തം ഷംന കാസിമാണ്. തമിഴ്നാട്ടിലും ആരാധകരുള്ള ഷംനയെ അവിടെ അറിയപ്പെടുന്നത് പൂര്‍ണ എന്ന പേരിലാണ്. ഈ സിനിമയിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ച് മനോരമ ന്യൂസ് ‍ഡോട് കോമിനോട് ഷംന മനസ്സ് തുറക്കുന്നു.

സിനിമയിലേക്ക് എത്തിയത്

തലൈവിയുടെ ലൊക്കേഷനിലാണ് ഷംന ഇപ്പോള്‍. ഏറെ ആകാംക്ഷയോടെയാണ് സിനിമയെക്കുറിച്ച് ഷംന സംസാരിക്കുന്നത്. പെട്ടെന്നൊരു വിളി വരികയായിരുന്നു. സാരി ഉടുത്തിട്ടുള്ള കുറച്ച് ഫോട്ടോകള്‍ അയച്ചുകൊടുക്കണമെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വിളിച്ച് പറഞ്ഞു. എന്റെ കയ്യില്‍ സാരി ഉടുത്തുള്ള വളരെ കുറച്ച് ഫോട്ടോകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് അയച്ചു കൊടുത്തു. അവര്‍ക്ക് ഇഷ്ടമായി. അങ്ങനെയാണ് ശശികലയാകുന്നത്. വളരെ നല്ല അവസരമാണ് ലഭിച്ചിരിക്കുന്നത്. പിന്നെ എ എല്‍ വിജയ് സാറിനെപ്പോലെ ഒരു സംവിധായകനൊപ്പം ഇത്ര വലിയ സിനിമയുടെ ഭാഗമാകുക എന്നത് വലിയ ഭാഗ്യമായാണ് കരുതുന്നത്. 

കങ്കണയുടെ തലൈവി

മിക്ക സീനുകളും കങ്കണയ്ക്കൊപ്പമാണ് ഉള്ളത്. അതിന്റെ സന്തോഷവും ഉണ്ട്. കങ്കണയുടെ ക്വീന്‍ അടക്കമുള്ള സിനിമകള്‍ പല തവണ കണ്ടിട്ടുണ്ട്. അതൊക്കെ അവരോടുള്ള ആരാധന കൊണ്ടായിരുന്നു. ഈ സിനിമ മൂന്ന് ഭാഷകളിലാണ് നിര്‍മിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ. തമില്, തെലുങ്ക് ഭാഗങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നത്. തമിഴ് എനിക്ക് അത്യാവശ്യം അറിയാം. പക്ഷേ ഹിന്ദി അത്ര പോര. കങ്കണയാണ് പക്ഷേ അതിന് നല്ല പിന്തുണ നല്‍കുന്നത്. ഒരു നടി എന്നതില്‍ ഉപരി നല്ല വ്യക്തി കൂടിയാണ് അവരെന്ന് മനസ്സിലാക്കാന്‍ സാധിച്ചു.

ശശികലയായി ഞാന്‍

ആദ്യമായാണ് ഒരു ബയോപിക്കില്‍ അഭിനയിക്കുന്നത്. അതും ശശികല മാം ആയിട്ട്. പൂര്‍ണമായും അവരുടെ ജീവിതമാണ് ഈ കഥാപാത്രം എന്ന് പറയാന്‍ പറ്റില്ല. പക്ഷേ തമിഴ്നാട്ടില്‍ മാത്രമല്ല രാജ്യം മുഴുവന്‍ അറിയപ്പെടുന്നവരാണ് ജയലളിതയും ശശികലയുമൊക്കെ. അപ്പോള്‍ ഈ കഥാപാത്രം കുറച്ച് വെല്ലുവിളി നിറഞ്ഞത് തന്നെയാണ്.  പ്രിയാമണിയെ ആണ് ആദ്യം ഈ വേഷത്തിലേക്ക് ഉദ്ദേശിച്ചിരുന്നതെന്ന് വാര്‍ത്തകള്‍ ഉണ്ട്. പക്ഷേ അതേപ്പറ്റി എനിക്ക് അറിയില്ല.

എല്ലാത്തിനും സമയം ഉണ്ട് 

സിനിമയില്‍ വന്നിട്ട് 12 വര്‍ഷങ്ങളായി. ചെറുതും വലുതുമായ കുറേ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചു. പക്ഷേ അതില്‍ തൃപ്തയാണെന്ന് പറയാന്‍ പറ്റില്ല. അവസരങ്ങള്‍ കുറ‍ഞ്ഞതിന് കാരണം എന്തെന്ന് എനിക്കും അറിയില്ല. പക്ഷേ 2020 എന്നെ സംബന്ധിച്ച് ഭാഗ്യവര്‍ഷമാണെന്ന് തോന്നുന്നു. അതുകൊണ്ടല്ലേ ഇത്ര നല്ല ഒരു വേഷം കിട്ടിയത്.  ജോസഫിന്റെ തമിഴ് റിമേക്കിലും എനിക്ക് നല്ല ഒരു വേഷം ലഭിച്ചിട്ടുണ്ട്. പല സിനിമകള്‍ കാണുമ്പോഴും ആ റോളൊക്കെ എനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചിട്ടുണ്ട്. സമയം ആയിട്ടില്ലായിരിക്കും. നല്ലകാര്യങ്ങള്‍ പതുക്കെ അല്ലെ സംഭവിക്കൂ. ഷംന പറയുന്നു.