ഉള്ളുലച്ച' വില്ലന്' ഒാസ്കർ; വാക്വിൻ ഫീനിക്സിന്റേത് സമാനതകളില്ലാത്ത നേട്ടം

കോമിക് കഥയിലെ വില്ലനെ അവതരിപ്പിച്ച് ഓസ്കര്‍ പുരസ്കാരം നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ നടനാണ് വാക്വിന്‍ ഫീനിക്സ്. ഒരേ കഥാപാത്രം അവതരിപ്പിച്ചതിന് രണ്ടുതവണ രണ്ടുപേര്‍ ഓസ്കര്‍ നേടിയെന്ന റെക്കോര്‍ഡും ജോക്കര്‍ സ്വന്തമാക്കി. ഡാര്‍ക് നൈറ്റ് എന്ന ബാറ്റ്മാന്‍ ചിത്രത്തില്‍ ജോക്കറായി അഭിനയിച്ച ഹീത്ത് ലെഡ്ജര്‍ മികച്ച സഹനടനുള്ള പുരസ്കാരം നേടിയിരുന്നു.

നായകനോ വില്ലനോ അല്ലാത്ത ആര്‍തര്‍ ഫ്ളെകിന്‍റെ ചിരിയും കരച്ചിലും തിയറ്റിനു പുറത്തും നമ്മെ പിന്‍തുടരും. ഒരുപാടു പ്രതിഭകള്‍ ജോക്കറായി വെള്ളിത്തിരയില്‍ വന്നെങ്കിലും ഈ ജോക്കര്‍ നമ്മുടെ ഉള്ളുലയ്ക്കും.സമൂഹം നിരന്തരമായി വേട്ടയാടുന്ന പരാജയപ്പെടുത്തുന്ന വ്യക്തിയാണ് ആര്‍തര്‍.സ്റ്റാന്‍ഡപ്പ് കൊമേഡിയനായ ആര്‍തര്‍ വയലന്‍സിന്‍റെ മാനസികാവസ്ഥയിലേക്കെത്തുന്ന സന്ദര്‍ഭങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

കഥാപാത്രം കടന്നുപോകുന്ന ഓരോ പ്രതിസന്ധികളും വേദനകളും അതിസൂക്ഷ്മമായി അവതരിപ്പിച്ചിരിക്കുന്നു വോക്വിന്‍ ഫീനിക്സ്.ഇതുവരെ ചെയ്ത കഥാപാത്രങ്ങളെയൊന്നും എവിടെയും ആവര്‍ത്തിക്കാത്ത, ശരീരത്തെ ഒരു ടൂളാക്കിയെടുത്ത അഭിനയം.

1981 ല്‍ നടക്കുന്ന കഥ ജോക്കറിന്‍റെ കാഴ്ചപ്പാടിലൂടെയാണ് പറഞ്ഞുപോകുന്നത്.സാധാരണക്കാരനും നിഷ്കളങ്കനുമായ ഒരു വ്യക്തി നേരിടുന്ന അവഗണനയും പരിഹാസവും വ്യവസ്ഥിതിക്കെതിരെ പോരാടാനുള്ള നിലയിലേക്ക് അവനെ എത്തിക്കുന്നു.സമൂഹം ഒരു കഥാപാത്രംതന്നെയാണ് സിനിമയില്‍. കഥാപാത്രം പോലെ തന്നെ ശബ്ദമില്ലാത്തവരുെട ശബ്ദമാകാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് വാക്വിന്‍ ഫീനിക്സ് മറുപടി പ്രസംഗം തുടങ്ങിയതുതന്നെ.