പ്രിയപ്പെട്ടവരുടെ 'പുത്തൻ'; മനസിൽ നിന്ന് മായാതെ ഗിരീഷ് പുത്തഞ്ചേരി

രണ്ടുപതിറ്റാണ്ടുകാലം മലയാള സിനിമയ്ക്ക് ഭാവഗാനങ്ങള്‍ സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരി ഒാര്‍മയായിട്ട് ഇന്നേക്ക് പത്തുവര്‍ഷം. നല്ലവരികളുടെ വസന്തകാലം സമ്മാനിച്ച് വിട പറഞ്ഞ  ഈ പുത്തഞ്ചേരിക്കാരന്‍ പക്ഷേ ഇന്നും മലയാളിയുടെ മനസ്സില്‍ നിന്ന് പടിയിറങ്ങിയിട്ടില്ല. 

കിനാവിന്‍റെ പടികടന്നെത്തി സ്നേഹം തുളുമ്പുന്ന വരികള്‍ നല്‍കി വീണുടഞ്ഞ ആ സൂര്യതേജസ് പത്ത് ആണ്ടിനിപ്പുറവും ഒരു നേര്‍ത്ത രാഗമായി മലയാളിയുടെ മനസ്സില്‍ നിറയുന്നു. പ്രിയപ്പെട്ടവര്‍ പുത്തനെന്ന് വിളിച്ചിരുന്ന ഗിരീഷ് കൂടെയില്ലെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും പ്രയാസം.

ഏത് ഈണവും ആ തൂലികയില്‍ ഭദ്രമായിരുന്നു.  ഈണത്തിനൊത്ത് വരിയൊപ്പിച്ചെഴുതുന്ന കാലത്തും സിനിമാപാട്ടില്‍ കവിത വിരിയിക്കാന്‍ പുത്തഞ്ചേരിക്ക് കഴിഞ്ഞതും അതുകൊണ്ടു തന്നെ. ലളിത സംഗീതത്തിന്‍റെയും അര്‍ധശാസ്ത്രീയ സംഗീതത്തിന്‍റെയും വസന്തകാലം തന്നെ തീര്‍ത്തതിനൊപ്പം പ്രണയവും വേദനയും ഒറ്റപ്പെടലും തീവ്രതയേറ്റിയ അക്ഷരങ്ങള്‍പിറന്നു.

വയലാറും, പി.ഭാസ്കരനും അടിസ്ഥാനമിട്ട് ശ്രീകുമാരന്‍ തമ്പിയും യൂസഫലി കേച്ചേരിയും  പണിതുയര്‍ത്തിയ  മലയാള ചലച്ചിത്ര കാവ്യലോകത്തെ തിളങ്ങുന്ന താരമായിരുന്നു ഈ പുത്തഞ്ചേരിക്കാരന്‍.