ഷൈലോക്കിന്റെ വിജയം; സംവിധായകന് സർപ്രൈസ് സമ്മാനവുമായി നിർമാതാവ്; വിഡിയോ

ആദ്യ ദിനം സ്വന്തമാക്കിയ വമ്പൻ അഭിപ്രായത്തിന്റെ കരുത്തിൽ തിയറ്ററിൽ ഹൗസ് ഫുള്ളായി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം ഷൈലോക്ക്. ചിത്രത്തിന്റെ വലിയ വിജയത്തിൽ സന്തോഷം പങ്കുവച്ച് സംവിധായകൻ അജയ് വാസുദേവിന് ആഢംബര ഫോൺ സമ്മാനിച്ചിരിക്കുകയാണ് നിർമാതാവ് ജോബി ജോര്‍ജ്.

ഷൈലോക്കിന്റെ റിലീസ് ദിവസമായ ജനുവരി 23നായിരുന്നു അജയ് വാസുദേവിന്റെ പിറന്നാളും. സിനിമയുടെ വിജയവും പിറന്നാളും അണിയറ പ്രവർത്തകർ ഒരുമിച്ച് ആഘോഷിച്ചിരുന്നു. ഈ വേളയിലാണ് സംവിധായകന് സർപ്രൈസ് ഗിഫ്റ്റുമായി നിർമാതാവ് ജോബി ജോർജ് എത്തിയത്. ഒരു ലക്ഷത്തിന് മുകളില്‍ വില വരുന്ന ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡലാണ് നിർമാതാവ് ഗിഫ്റ്റ് ആയി നൽകിയത്.

നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. ഗുഡ്‌വിൽ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിർമിക്കുന്നത്.