‘വന്നു കാണെടാ, ഇൗ പ്രായത്തിലും മമ്മൂക്കയുടെ പ്രകടനം..’; ഷൈലോക്ക് കണ്ട് ആവേശം; വിഡിയോ

ആവേശം അണപ്പൊട്ടിയാൽ ദേ ഇങ്ങനെയിരിക്കും എന്നാണ് ഇൗ വിഡിയോയ്ക്ക് സമൂഹമാധ്യമങ്ങൾ നൽകുന്ന തലക്കെട്ട്. മമ്മൂട്ടി ചിത്രം ഷൈലോക്ക് കണ്ടിറങ്ങിയ ആരാധകനാണ് ആവേശം കൊണ്ട് ആരാധന മറച്ചുവയ്ക്കാതെ വേറിട്ട രീതിയിൽ പ്രകടിപ്പിച്ചത്. ‘ഇക്കയ്ക്ക് ഇനി ആക്ഷൻ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞവർ വന്നു കാണെടാ..ഇൗ വയസിലുള്ള ഇക്കയുടെ പ്രകടനം വന്നു കാണെടാ.. മമ്മൂക്ക കീ ജയ്...’ കുട്ടിയെ ഉൾപ്പെടെ എടുത്ത് കൊണ്ടാണ് ഇൗ മമ്മൂട്ടി ആരാധകന്റെ ആവേശപ്രകടനം. മൊബൈലിൽ ആരോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.

അജയ് വാസുദേവിനൊപ്പമുള്ള മമ്മൂട്ടിയുടെ മൂന്നാംവരവ് ആരാധകരുടെ പ്രതീക്ഷ തെറ്റിച്ചില്ല. തിയറ്ററിൽ ടിക്കറ്റെടുത്ത് എത്തുന്നവരെ മാസായും കോമഡിയായും കുടുംബകഥ പറഞ്ഞും പിടിച്ചിരുത്തുന്നു ഷൈലോക്ക് എന്നാണ് ആദ്യ പ്രതികരണം. രാജമാണിക്യത്തിന് ശേഷം ചിരിപ്പിക്കുന്ന ഹീറോ കഥാപാത്രമായി മമ്മൂട്ടി സ്ക്രീനിൽ നിറഞ്ഞാടുന്നു. 

പണം കൈെകാണ്ട് തൊടാത്ത കൊള്ളപ്പലിശക്കാരൻ. സിനിമാക്കാർക്ക് പ്രതിസന്ധിയുണ്ടാകുമ്പോൾ സഹായിക്കുന്ന ബോസ്. ഇയാളെങ്ങനെ ഇങ്ങനെയായെന്ന് പറഞ്ഞ് കഥ മുന്നോട്ട് പോകുമ്പോൾ 2020ൽ മമ്മൂട്ടി അമ്പരപ്പിക്കുന്ന തുടക്കം കുറിക്കുകയാണ്. എല്ലാത്തരം പ്രേക്ഷകനെയും പിടിച്ചിരുത്തുന്ന രീതിയിലാണ് അജയ് കഥ പറയുന്നത്. സ്റ്റേലിഷ് ലുക്കിൽ ആരാധകർക്കായി മമ്മൂട്ടി എത്തുന്നു. അതിെനാപ്പം കുടുംബം പ്രേക്ഷകരുടെ തലയും വാലുമായി അയാൾ നിറയുന്നു. ചിരിപ്പിക്കുന്ന മമ്മൂട്ടിയെ തേടിയെത്തിയാൽ അതും ഷൈലോക്കിലുണ്ട്. മൊത്തത്തിൽ പക്കാ മാസ് പടത്തിനപ്പുറം ചേരുവകൾ നിറയുന്നു ഷൈലോക്കിൽ. 

കേരളത്തിലെങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇത് സമൂഹമാധ്യമങ്ങളിൽ നിന്നും വ്യക്തമാണ്. രണ്ട് മണിക്കൂര്‍ പത്ത് മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. രാജാധി രാജ, മാസ്റ്റര്‍ പീസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് അജയ് വാസുദേവിനൊപ്പം മമ്മൂട്ടി എത്തുന്നത്. 

നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. ഗുഡ്‌വിൽ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിർമിക്കുന്നത്.