‘നാണമില്ലേ മോദിയുടെ ട്വീറ്റ് കോപ്പിയടിക്കാൻ’; നടിയെ ട്രോളി സോഷ്യൽ ലോകം

നടി ശബാന ആസ്മിക്ക് വാഹനാപകടത്തിൽ പരുക്കേറ്റെന്ന വാർത്ത ഏറെ വിഷമത്തോടെയാണ് സിനിമാ, സാംസ്കാരികലോകം സ്വീകരിച്ചത്. നിരവധി പ്രമുഖരാണ് സോഷ്യൽ മീഡിയയിലൂടെ വിഷമം പങ്കുവെച്ചത്. പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ നടി ഉർവശി റൗത്തേല ഇതേ ട്വീറ്റ് പങ്കുവെച്ചിരുന്നു.

ഉർവശി മോദിയുടെ ട്വീറ്റ് കോപ്പിയടിച്ചെന്നാരോപിച്ച് നിരവധി പേരാണ് നടിയെ വിമർശിച്ചും ട്രോളിയുടെ പ്രതികരിക്കുന്നത്. ശബാന ആസ്മിയ്ക്ക് പരിക്കേറ്റ വാര്‍ത്ത വലിയ വേദനയുണ്ടാക്കുന്നതാണ്. അവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു എന്നായിരുന്നു മോദിയുടെ ട്വീറ്റ്. ഈ വാക്കുകള്‍ അതേപടി പകര്‍ത്തിക്കൊണ്ടാണ് ഉര്‍വശി ട്വീറ്റ് ചെയ്തിരിക്കുന്നത്. 

നടി ഒരു നല്ല കംപ്യൂട്ടര്‍ എഞ്ചിനീയറാണെന്നു തെളിയിച്ചുവെന്നും കംപ്യൂട്ടര്‍ കീബോര്‍ഡിലെ കോപ്പി പെയ്‌സറ്റ് സംവിധാനം വളരെ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തിയെന്നും നടിയ്ക്ക് ബുദ്ധിയില്ലെന്നും വരെ വിമർശനങ്ങളുണ്ട്. 

ഇതാദ്യമായല്ല നടി കോപ്പിയടിക്ക് വിമർശനം നേരിടുന്നത് എന്നതാണ് ശ്രദ്ധേയം. 2018ല്‍ തന്റെ പ്രണയബന്ധത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് നടി തുറന്നു പറച്ചില്‍ നടത്തിയത് ഗിഗി ഹദീദിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് കോപ്പിയടിച്ചുകൊണ്ടായിരുന്നു. അന്നും ട്രോളുകളും പരിഹാസങ്ങളും ഉയര്‍ന്നിരുന്നു.