നീതി ഇങ്ങനെ ചൂടോടെ നൽകണം; ഹൈദരാബാദ് വെടിവെയ്പിനെ പ്രശംസിച്ച് നയൻതാര

തെലങ്കാന വെടിവെയ്പിനെ പ്രശംസിച്ച് നടി നയൻതാര. വാർത്താക്കുറിപ്പിലൂടെയാണ് ഹൈദരാബാദിലെ വെറ്റിനറി ഡോക്ടറെ ബലാൽസംഗം ചെയ്തുകൊന്ന കേസിലെ പ്രതികളെ എൻകൗണ്ടറലൂടെ വധിച്ച പൊലീസ് നടപടിയെ നയൻതാര പ്രശംസിച്ചത്.

നയൻതാരയുടെ വാർത്താക്കുറിപ്പ്:
''സിനിമകളില്‍ മാത്രം നാം കണ്ടു ശീലിച്ച രംഗം തെലങ്കാന പൊലീസ് ഹീറോയെ പോലെയാണ്  നടപ്പിലാക്കിയിരിക്കുന്നത്. മനുഷ്യത്വത്തിന്‍റെ ശരിയായ ഇടപെടല്‍ എന്നാണ് പൊലീസ് നടപടിയെ ഞാന്‍ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്.

ശരിയായ നീതി നടപ്പായ ദിവസമായി വേണം ഈ രാജ്യത്തെ എല്ലാ സ്ത്രീകളും ഈ ദിവസത്തെ കലണ്ടറില്‍ അടയാളപ്പെടുത്താന്‍. മനുഷ്യത്വത്തെക്കുറിച്ച് പറയുമ്പോള്‍  എല്ലാവരേയും തുല്യതയോടെ കാണുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ദയവോടെ പെരുമാറുകയും ചെയ്യുക എന്നതാണ് പ്രധാനം.

നീതി നടപ്പായത് ആഘോഷിക്കുന്നതിനപ്പുറം സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമായി ലോകത്തെ മാറ്റുമ്പോള്‍ മാത്രമാണ് ഒരോ പുരുഷനും ഹീറോയായി മാറുന്നത്. നമ്മുടെ വീട്ടിലെ കുട്ടികളെ, പ്രത്യേകിച്ച് ആണ്‍കുട്ടികളെ പഠിപ്പിക്കുകയും ബോധവത്കരിക്കുകയും കൂടി ചെയ്യേണ്ട സമയം കൂടിയാണിത്''.