ആരും വേണ്ട, ഒറ്റക്ക് വന്നാൽ മതിയെന്ന് നടൻ; കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ഇഷ

സിനിമാമേഖലയെ പിടിച്ചുകുലുക്കിയാണ് മീ ടൂ വിവാദം പടർന്നുപിടിച്ചത്. കാസ്റ്റിങ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് പല നടിമാരും എത്തിയിരുന്നു. തനിക്കും കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ബോളിവുഡ്-തെന്നിന്ത്യൻ താരം ഇഷ കോപ്പികർ. 

കരിയറിന്റെ തുടക്കകാലത്ത് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചാണ് ഇഷ തുറന്നുപറയുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമകളിൽ നിന്ന് മാറിനിൽക്കുകയായിരുന്നു ഇഷ. തനിക്കായി പറഞ്ഞുവെച്ചിരുന്ന പല വേഷങ്ങളും നഷ്ടപ്പെട്ടുപോയതിനെക്കുറിച്ച് ഇഷ പറയുന്നതിങ്ങനെ: 

''എനിക്കെന്ന് പറഞ്ഞുവെച്ചിരുന്ന നിരവധി റോളുകൾ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ആരുടെയെങ്കിലും മകൾക്കോ, കാമുകിക്കോ, പെൺസുഹൃത്തിനോ ഒക്കെയാണ് ആ റോളുകൾ കിട്ടിയിട്ടുള്ളത്. സ്വജനപക്ഷപാതംകൊണ്ട് ഒരുപാടവസരങ്ങളെനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്''- ഇഷ പറയുന്നു. 

''ഒരിക്കൽ ഒരു നിർമാതാവ് എന്നെ വിളിച്ചു. ഒരു സിനിമയുണ്ടെന്നും അതിന്റെ ആവശ്യത്തിനായി ഒരു നടനെ വിളിക്കണമെന്നും പറഞ്ഞു. നടന്മാരുടെ ഗുഡ് ബുക്കിലിടം പിടിച്ചാലേ സിനിമയിൽ നിലനിൽക്കാനാവൂ എന്നുള്ളതുകൊണ്ട് അയാളെ വിളിച്ചു. വിളിച്ചയുടൻ അയാൾ അയാളുടെ ഒരു ദിവസത്തെ ടൈംടേബിൾ മുഴുവൻ എന്നോടു പറഞ്ഞു. താനൊരു മോണിങ് പേഴ്സനാണെന്നും ഇത്ര മണിക്ക് ജിമ്മിൽ പോകുമെന്നും ഡബ്ബിങ്ങിനും മറ്റൊരു കാര്യത്തിനുമിടയിൽ കുറച്ചു സമയമുണ്ടെന്നും അപ്പോൾ തമ്മിൽ കാണാമെന്നും പറഞ്ഞു. ആരുടെയൊപ്പമാണ് വരുന്നതെന്ന് ചോദിച്ചു. ഡ്രൈവറുടെ ഒപ്പമാണെന്നു പറഞ്ഞപ്പോൾ അത് വേണ്ട ഒറ്റയ്ക്കു വന്നാൽ മതിയെന്നു പറഞ്ഞു. അതോടെ അയാളുടെ ഉദ്ദേശം വ്യക്തമായി. ഞാൻ നാളെ ഫ്രീ അല്ലെന്ന് അയാളെ അറിയിച്ചു''.- ഇഷ പറയുന്നു.

ഉടനെ തന്നെ ഞാൻ നിർമാതാവിനെ വിളിച്ചു. അഭിനയിക്കാനുള്ള കഴിവു കണ്ടിട്ട് എന്നെ കാസ്റ്റ് ചെയ്താൽ മതി എന്ന് അദ്ദേഹത്തോടു പറഞ്ഞു. അതിനു ശേഷം ആരും വേഷം നൽകാമെന്നു പറഞ്ഞ് ഇക്കാര്യങ്ങൾക്കൊന്നും എന്നെ നിർബന്ധിച്ചിട്ടില്ല. ഇങ്ങനെയാണ് അവർ ആളുകളെ ഭയപ്പെടുത്തുക. ഒരു പെൺകുട്ടി നോ പറഞ്ഞാൽ അവർക്കതിനെ ഉൾക്കൊള്ളാനാവില്ല. അതിൽപ്പിന്നെ എനിക്ക് അയാൾക്കൊപ്പം അഭിനയിക്കേണ്ടി വന്നിട്ടില്ല. പക്ഷേ ഉന്നത നിലയിലുള്ള ചില സെക്രട്ടറിമാർ മോശമായ തരത്തിലൊക്കെ സ്പർശിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതോടുകൂടി സ്വയം പ്രതിരോധത്തിനുള്ള മാർഗ്ഗങ്ങൾ ഞാൻ അഭ്യസിച്ചു തുടങ്ങി''.- ഇഷ പറഞ്ഞവസാനിപ്പിച്ചു.