മഞ്ജുവിന്റെ അഭിനയം കണ്ട് ഭയന്നുപോയെന്ന് ധനുഷ്; മറുപടി; വിഡിയോ

തമിഴകവും മലയാളവും ഒരുപോലെ കാത്തിരിക്കുകയാണ് ഇൗ ധനുഷ്-വെട്രിമാരൻ ചിത്രം അസുരൻ. ധനുഷിന്റെ നായികയായി മഞ്ജു വാരിയരും എത്തുന്നതോടെ ചിത്രം കാത്തുവച്ചിരിക്കുന്ന കൗതുകങ്ങളിലേക്കാണ് ആരാധകർ വാനോളം പ്രതീക്ഷ വയ്ക്കുന്നത്. ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിന്റെ വിഡിയോയാണ്  ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 'മലയാളത്തിന്റെ അഭിനയ സരസ്വതി' എന്നു മലയാളത്തിൽ തന്നെ അഭിസംബോധന ചെയ്തുകൊണ്ടാണ് മഞ്ജു വാരിയരെ അണിയറക്കാർ വേദിയിലേക്ക് ക്ഷണിച്ചത്. 

‘ഈ ചിത്രം എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. കാരണം ഇതെന്റെ ആദ്യ തമിഴ് ചിത്രമാണ്. ഇതുവരെ മലയാളത്തിൽ മാത്രമാണ് ഞാൻ സിനിമകൾ ചെയ്തിട്ടുള്ളത്. തമിഴിൽ ഇത്ര ശക്തമായ ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു. എല്ലാവർക്കും നന്ദി. ആർക്ക് ആദ്യം നന്ദി പറയണമെന്ന് അറിയില്ല. ധനുഷ് എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. ഇപ്പോൾ എന്റെ പ്രിയപ്പെട്ട സഹതാരം കൂടി ആയിരിക്കുന്നു. ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണ്. മലയാളത്തിലെ പോലൊരു അന്തരീക്ഷം തന്നെയായിരുന്നു ഈ ചിത്രത്തിന്റെ സെറ്റിലും എനിക്ക് അനുഭവിക്കാൻ കഴിഞ്ഞത്. യൂണിറ്റിലുള്ള എല്ലാവരും വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. അവരൊക്കെ എന്റെ മുൻപിൽ ഇരിക്കുന്നുണ്ട്. എല്ലാവരെയും ഞാൻ സ്നേഹത്തോടെ ഓർക്കുന്നു.’ തമിഴിലെ തന്റെ ആദ്യത്തെ ഷൂട്ടിങ് അനുഭവത്തെക്കുറിച്ച് മഞ്ജു പറയുന്നു.   

ചിത്രത്തിന്റെ നിർമാതാവ് മഞ്ജുവിനെക്കുറിച്ച് പറഞ്ഞതിങ്ങനെ: അസുരന്റെ അഡ്വാൻസ് തുക മാത്രം കൈപ്പറ്റിക്കൊണ്ടാണ് മഞ്ജു ചിത്രത്തിൽ അഭിനയിച്ചത്. പിന്നീടൊന്നും ബാക്കി തുകയെ കുറിച്ച് അവര്‍ സംസാരിച്ചിരുന്നില്ല. ഞാൻ അങ്ങോട്ട് നിര്‍ബന്ധിച്ച് പ്രതിഫലത്തുക കൈമാറുകയായിരുന്നുവെന്ന് ചിത്രത്തിന്റെ നിർമാതാവായ കലൈപ്പുളി എസ്. തനു പറഞ്ഞു.

വെട്രിമാരനൊപ്പം ഒരിക്കൽ കൂടി എത്തുന്ന ആവേശത്തിലാണ് ധനുഷ്.‘ഈ മുപ്പത്തിയാറാം വയസ്സിൽ അസുരനിൽ ഇങ്ങനെയൊരു കഥാപാത്രം എനിക്കു തന്നതിൽ വെട്രിമാരനോട് നന്ദി. പൊള്ളാതവൻ തൊട്ട് വെട്രിമാരൻ ടീമിനൊപ്പം ഞാൻ പ്രവർത്തിക്കുന്നു. ദീർഘനാളുകളായി മഞ്ജു എന്റെ അടുത്ത സുഹൃത്താണ്. എന്നാൽ അവർക്കൊപ്പം പ്രവർത്തിക്കണമെന്നത് വലിയ ആഗ്രഹമാണ്.  ആരുടെയെങ്കിലും അഭിനയം കണ്ട് ഭയന്നുപോയിട്ടുണ്ടെങ്കിൽ അത് മഞ്ജുവിന്റെ പ്രകടനം കണ്ടിട്ടാണ്. അവർ അഭിനയിക്കുന്നുണ്ടെന്നു പോലും അറിയാൻ കഴിയില്ല.’ ധനുഷ് പറഞ്ഞു.