‘കൃഷ്ണാ നീയെന്നെ അറിയില്ലേ..’; വൈറലായ ആ കണ്ണൻ ദേ ഇവിടെയുണ്ട്; വിഡിയോ

‘കൃഷ്ണാ നീയെന്നെ അറിയില്ലേ..’ എന്ന് മനസുകൊണ്ട് ഒരുനൂറാവർത്തി ചോദിക്കുന്ന പെൺകുട്ടി. കണ്ണന്റെ വേഷത്തിൽ അവൾ ചുവട് വച്ച മൂന്നാംവർഷം ഇൗ ചോദ്യം മലയാളി ഒന്നടങ്കം ചോദിക്കുന്നു. ‘ഇൗ കുട്ടിയെ ഒന്നുകണ്ടുപിടിക്കാമോ?. ആരാണ് ഇൗ കൃഷ്ണൻ? വെറും 30 സെക്കൻഡ് വിഡിയോ കൊണ്ട് കാഴ്ചക്കാരുടെ മനസ് കവർന്ന കള്ള കൃഷ്ണൻ.’ ഇൗ ചോദ്യത്തിന് ഗുരുവായൂരിൽ തന്നെയിരുന്ന് മറുപടി പറയുകയാണ് വൈഷ്ണവ കെ. സുനിൽ. ശ്രീകൃഷ്ണജയന്തി ദിനത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായ ആ പെൺകുട്ടി മനോരമ ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.

‘ഞാനൊരു സത്യം പറയട്ടെ. ഇപ്പോൾ വൈറലാകുന്ന വിഡിയോ ഇൗ വർഷത്തേത് അല്ല. കഴിഞ്ഞ തവണ ഗുരുവായൂർ ക്ഷേത്രത്തിലെ ആഘോഷത്തിനിടയിലുള്ളതാണ്. ഇത്രമാത്രം ആളുകൾ എന്ന ശ്രദ്ധിക്കുെമന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഇതിപ്പോൾ മൂന്നാംവർഷമാണ് ഞാൻ‌ കൃഷ്ണവേഷത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ചുവട് വയ്ക്കുന്നത്. ഒരു നിയോഗം പോലെയാണ് ‍ഞാനിത് കാണുന്നത്. ഗുരുവായൂർ തന്നെയാണ് എന്റെ വീട്. കൃഷ്ണനാണ് എല്ലാം. ഇതു കൃഷ്ണൻ തരുന്നതാണ്. അതാണ് എന്റെ വിശ്വാസം.’ വൈഷ്ണവ പറയുന്നു.

14 വർഷമായി  വൈഷ്ണവ നൃത്തതിന്റെ ലോകത്തുണ്ട്. എട്ടുവർഷം സിബിഎസ്ഇ സ്ംസ്ഥാന കലോൽസവത്തിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനക്കാരി.  കുച്ചിപ്പുടി, നാടോടി നൃത്തം തുടങ്ങി പല ഇനങ്ങളിൽ ഇൗ കലാകാരി നിറഞ്ഞു. നൃത്താധ്യാപകരായ അച്ഛനും അമ്മയും തന്നെയാണ് എന്റെ ഗുരു എന്ന് ആവേശത്തോടെയാണ് വൈഷ്ണവ പറയുന്നത്. അതിൽപരം ഭാഗ്യമെന്താണ് വേണ്ടതെന്ന നൻമയോട.

സെന്റ് തോമസ് കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയാണിപ്പോൾ. അപ്രതീക്ഷിതമായി കൈവന്ന ഇൗ ശ്രദ്ധയെ അങ്ങേയറ്റം ബഹുമാനത്തോടെയും ആദരത്തോടെയുമാണ് ഇൗ പെൺകുട്ടി കാണുന്നത്. അതിെനാപ്പം ഒന്നുമാത്രം പറയുന്നു. ‘നൃത്തമാണ് എന്റെ ലോകം. വലിയ നർത്തകിയാവണം. ഒരുപാട് വേദികളിൽ നിറയണം. രസത്തോടെ ചുവട് വയ്ക്കണം. കൃഷ്ണനായും രാധയായും പ്രണയത്തിന്റെയും വിരഹത്തിന്റെയും  ഇതിഹാസമാനമുള്ള കഥാപാത്രങ്ങളായി ഇനിയും നിറയണം വേദികളിൽ..’ മലയാളി നെഞ്ചോട് ചേർത്തുവച്ച ഇൗ കൃഷ്ണനെ തേടി അപ്പോഴും ഫോൺകോളുകളുടെ ബഹളം തുടരുകയായിരുന്നു.