മമ്മൂട്ടി എന്ന മഹാവിസ്മയം തിരയില്‍ ഉദിച്ചിട്ട് 48 വര്‍ഷം; ട്രെന്‍ഡിങ്ങായി ആ ഹാഷ്ടാഗ്

‘ഒാഗസ്റ്റ് ആറ്’. നടനം എന്നതിനെ മലയാളിക്ക് വേറിട്ട അനുഭവമാക്കിയ സിനിമാ ജീവിതത്തിന് ഇൗ ദിവസം വയസ് 48. തെന്നിന്ത്യയിൽ തന്നെ പൊന്നും വിലയുള്ള താരമായി നിറയുന്ന മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിന്റെ 48–ാം പിറന്നാൾ ആഘോഷിക്കുകയാണ് ആരാധകർ. സൈബർ ലോകത്തും ഇത് ട്രെൻഡിങ്ങായി കഴിഞ്ഞു. #48YearsOfMammoottysm എന്ന ഹാഷ്ടാഗ് ക്യാംപെയിൻ ട്വിറ്ററിൽ ഒരു മില്യൺ ട്വീറ്റുകൾ പിന്നിട്ടെന്നാണ് ആരാധകർ അവകാശപ്പെടുന്നത്. 

‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്‌. 1971 ഓഗസ്റ്റ്‌ ആറാം തീയതിയാണ് ഇൗ സിനിമ തിയറ്ററിലെത്തിയത്. സത്യൻ മാഷിനൊപ്പം തോണി തുഴഞ്ഞെത്തിയ പയ്യൻ പിന്നീട് മലയാള സിനിമയുടെ എക്കാലത്തെയും ചരിത്രത്തിൽ ഇടം നേടി നിറയുന്ന കാഴ്ചയാണ് പതിറ്റാണ്ടുകളായി കണ്ടത്. എം ടി വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന സിനിമയിലൂടെ പ്രധാനവേഷത്തിലെത്തിയെങ്കിലും ഇൗ ചിത്രം പൂർത്തിയായില്ല. പിന്നീട് കെ.ജി ജോർജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രമാണ് മമ്മൂട്ടിയെ മുൻനിരയിലെത്തിക്കുന്നത്.

അവിടെ നിന്ന് കുടുംബനാഥനായും ചോരത്തിളപ്പുള്ള യുവാവായും പൊലീസുകാരനായും എന്നുവേണ്ട അയാൾ ഒട്ടേറെ വേഷങ്ങൾ കെട്ടിയാടി. ഇന്നും ഡേറ്റില്ലാത്ത നടനായി ഇൗ വയസിലും തുടരുന്നത് ആ മനുഷ്യന്‍ സിനിമയോട് കാണിച്ച സമർപ്പണം ഒന്നുകൊണ്ട് മാത്രമാണ്. 2019 തന്റെ പ്രിയ വർഷമെന്ന് മമ്മൂട്ടി എടുത്തു പറയുകയും ചെയ്തതോടെയാണ് ഇൗ ദിനം ആരാധകർ ആഘോഷമാക്കുന്നത്.