ഇനി ഭക്തിപടങ്ങൾ മാത്രം എടുക്കേണ്ടി വരുമോ? നിയമസഭാ സമിതിക്കെതിരെ ബിജു മേനോൻ

സിനിമകളിൽ നിന്നു മദ്യപാനവും പുകവലിയുമുള്ള രംഗങ്ങൾ ഒഴിവാക്കണമെന്ന നിയമസഭാ സമിതിയുടെ ശുപാർശയെക്കുറിച്ചു സിനിമാ മേഖല കൂട്ടായി ആലോചിച്ചു നിലപാടെടുക്കണമെന്നു നടൻ ബിജു മേനോൻ. ഈ ശുപാർശ നടപ്പായാൽ ഭക്തിപ്പടങ്ങൾ മാത്രം എടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സത്യം പറഞ്ഞാൽ വിശ്വസിക്കുവോ? എന്ന സിനിമയുടെ പ്രവർത്തകരുമായി പ്രസ് ക്ലബ് നടത്തിയ മുഖാമുഖത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 

സിനിമയിലെ സുനി എന്ന കഥാപാത്രവും ജീവിതത്തിലെ ബിജുമേനോൻ എന്ന കുടുംബനാഥനും രണ്ടാണ്. സിനിമയിൽ കുടുംബത്തോട് ഉത്തരവാദിത്തമില്ലാതെ നടക്കുന്ന സുനിയല്ല, ജീവിതത്തിൽ സ്വന്തം കുടുംബത്തോടു നല്ല ഉത്തരവാദിത്വമുള്ളയാളാണു താനെന്നും ബിജു മേനോൻ പറഞ്ഞു. വാണിജ്യ വിജയം നേടുന്ന സിനിമകളുടെ ഭാഗമാകാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ട്.

മലയാളിയുടെ ജീവിതത്തോട് ഏറെ അടുത്തു നിൽക്കുന്ന പ്രമേയം റിയലിസ്റ്റിക് ആയി അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് ഈ സിനിമ നൽകുന്ന സന്തോഷം. സിനിമയെ പ്രേക്ഷകർ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നും ബിജു മേനോൻ പറഞ്ഞു. സിനിമയുടെ പേര് വിജയഘടകത്തിൽ പ്രാധാന്യമുള്ളതാണെന്നു തിരക്കഥാകൃത്ത് സജീവ് പാഴൂർ പറഞ്ഞു.

ഈ പേരായിരുന്നില്ല ആദ്യം ഉദ്ദേശിച്ചിരുന്നത്. സിനിമയുടെ ചർച്ചകൾ നടക്കുന്ന വേളയിൽ നിർമാതാവ് സന്ദീപ് സേനനാണ് ഈ പേര് നിർദേശിച്ചത്. കേട്ടപ്പോൾ തന്നെ പേര് ഇഷ്ടമായെന്നും അതുതന്നെ മതിയെന്നു തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. സംവേദനം നടത്തുന്ന ആശയം പ്രേക്ഷകരിലേക്ക് എത്തിക്കുകയെന്നതാണു കഥാകൃത്തിന്റെ ദൗത്യം. ഈ സിനിമയിലും അതു ഫലപ്രദമായി എന്നാണു കരുതുന്നതെന്നും സജീവ് പാഴൂർ വ്യക്തമാക്കി. 

ഒരു നടനെന്ന നിലയിൽ എല്ലാത്തരം കഥാപാത്രങ്ങളും ആസ്വദിച്ചാണ് ചെയ്യുന്നതെന്ന് അലൻസിയർ പറഞ്ഞു. ശരീരഭാഷയാണു നടന്റെ ഏറ്റവും പ്രധാന ഘടകം. ശരീരഭാഷ ആ കഥാപാത്രത്തിന് അനുയോജ്യമാക്കി മാറ്റുന്നതാണു നടന്റെ വെല്ലുവിളി. തനിക്കിണങ്ങുന്ന കഥാപാത്രങ്ങൾ മാത്രമേ തിരഞ്ഞെടുക്കാറുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമയിലെ താമര എന്ന കഥാപാത്രത്തെ മലയാളികൾ ഏറ്റെടുത്തതിൽ വലിയ സന്തോഷമുണ്ടെന്ന് നടൻ സുധി കോപ്പ അഭിപ്രായപ്പെട്ടു. നല്ല സിനിമയുടെ ഭാഗമാകുന്നതാണു പ്രധാനമെന്നു നടൻ ദിനേശും വ്യക്തമാക്കി. നിർമാതാക്കളായ സന്ദീപ് സേനൻ, രമാദേവി എന്നിവരും മീറ്റ് ദ് പ്രസിൽ പങ്കെടുത്തു