'എനിക്ക് ബ്രെയിൻ ട്യൂമർ; ജീവിച്ചിരിക്കുമ്പോൾ ചിത്രം പുറത്തിറങ്ങണം എന്നാഗ്രഹിച്ചു'

ഒരു വലിയ ഇടവേളക്ക് ശേഷം ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സൂപ്പർ 30. അനന്തകുമാർ എന്ന മനുഷ്യൻ പാവപ്പെട്ട കുട്ടികളെ എൻട്രൻസ് കോച്ചിങ് ക്ലാസിലൂടെ വിജയത്തിലേക്ക് നയിച്ച യഥാർഥ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അനന്തകുമാർ. 

തനിക്ക് ബ്രെയിൻ ട്യൂമർ ആണെന്നും ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ സിനിമ റിലീസ് ചെയ്യണമെന്ന് ആഗ്രഹച്ചിരുന്നുവെന്നും അനന്തകുമാർ പറയുന്നു. 'സിനിമ വളരെപ്പെട്ടെന്ന് പൂർത്തിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. മരണം എന്നുവരുമെന്ന് പ്രവചിക്കാനാകില്ല. ജീവിച്ചിരിക്കുമ്പോൾ ബയോപിക് എടുക്കണമെന്ന് ആത്മാർഥമായി ഞാൻ ആഗ്രഹിച്ചിരുന്നു'- അനന്തകുമാർ പറഞ്ഞു. 

‘2014ൽ ഒരു ചെവിയുടെ കേൾവിശക്തി നഷ്ടപ്പെട്ടപ്പോഴാണ് ഞാൻ ആശുപത്രിയിൽ പോയതും ടെസ്റ്റുകൾ ചെയ്തതും. ചെവിക്കും തലച്ചോറിനുമിടയിലുള്ള ഒരു നാഡിയിലാണ് ട്യൂമർ ബാധ. ഇപ്പോഴും ചികിത്സ തുടരുകയാണ്. എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്..’- അനന്തകുമാർ പറഞ്ഞു.

ഗണിത ശാസ്ത്രജ്ഞനായ അനന്തകുമാർ പറ്റ്നയിൽ ധനികരായ കുട്ടികളുടെ കോച്ചിങ് ക്ലാസ് അധ്യാപകനായിരുന്നു. പാവപ്പെട്ട കുട്ടികൾക്കുവേണ്ടി ഇത്തരത്തിൽ ഒരു സ്ഥാപനം വേണമെന്ന് തീരുമാനിക്കുകയായിരുന്നു. സൂപ്പർ 30 എന്ന് പേരിട്ടുകൊണ്ട് പാവപ്പെട്ട കുട്ടികളെ തിരഞ്ഞെടുത്ത് പഠിപ്പിക്കാൻ ആരംഭിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ വിവാദങ്ങളെക്കുറിച്ചും സിനിമ പറയുന്നു. വികാസ് ബാൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.