കരിക്ക് പോലെ 'ഫ്രഷ്' ആകും സിനിമയും; റിസ്ക് ഉണ്ട്; പരീക്ഷണം തുടരും: അഭിമുഖം

nikhil-karikku-movie-07
SHARE

ഫ്രഷ്നെസ് അഥവാ പുതുമ. മലയാളികളെ പൊട്ടിച്ചിരിപ്പിച്ച  കരിക്ക് എന്ന വെബ് സീരീസിന്റെ ടാഗ്‌ലൈൻ ഇതാണ്. ലോലനും ജോർജും ശംഭുവും ഷിബുവുമെല്ലാം ഇന്ന് മലയാളികളുടെ 'ചങ്ക് ബ്രോസ്' ആണ്. ഞായറാഴ്ച രാവിലെ പത്ത് മണിക്ക് കരിക്കിന്റെ പുതിയ വിഡിയോ പ്രതീക്ഷിച്ച ആരാധകർക്ക് വൻ സര്‍പ്രൈസാണ് അണിയറപ്രവർത്തകർ കാത്തുവെച്ചത്. 

കരിക്കിന്റെ ഏറ്റവും ഹിറ്റായ തേരാ പാര സിനിമയാകുന്നു എന്ന 'ഫ്രഷ്' സർപ്രൈസ്. തേരാ പാര എന്ന് തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററും യൂട്യൂബിലെത്തി. കരിക്കിന്റെ സിനിമാ വിശേഷങ്ങൾ മനോരമ ന്യൂസ് ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് നിഖിൽ പ്രസാദ്. 

'തേരാ പാരാ' ഇനി ബിഗ് സ്ക്രീനിൽ

''തേരാ പാരയിലെ ലോലനും ജോർജും ശംഭുവും ഷിബുവുമുൾപ്പെടെ എല്ലാ കഥാപാത്രങ്ങളും സിനിമയിലുണ്ടാകും. എല്ലാവരും അതേ പേരിൽ തന്നെയാകും എത്തുക. കൂടാതെ നിരവധി സിനിമാതാരങ്ങളും തേരാ പാരയുടെ ഭാഗമാകും.  കോമഡിക്ക് തന്നെയാകും സിനിമയിലും പ്രാധാന്യം. ആരാധകരെ ത്രില്ലടിപ്പിക്കുന്ന രീതിയിലാകും കഥ. 2020ഓടെ റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്.‌‌

ഇതുവരെ കണ്ട ഇരുപത് എപ്പിസോഡിന്റെ തുടർച്ചയായി തന്നെയാണ് സിനിമ ഒരുക്കുന്നത്. തിരക്കഥ പൂർത്തിയായി. പ്രീ പ്രൊഡക്ഷൻ ചർച്ചകൾ നടക്കുകയാണ്. സുനിൽ കാർത്തികേയൻ ആണ് ക്യാമറ. പി എസ് ജയഹരി ആണ് സംഗീതമൊരുക്കുന്നത്. 

കരിക്കിന്റെ ഫ്രഷ്നെസ് സിനിമയിലും ഉണ്ടാകും. ഒപ്പം സിനിമയാകുമ്പോൾ വരുത്തേണ്ട മാറ്റങ്ങളും ഉൾപ്പെടുത്തും. സ്ഥിരമായി കാണുന്ന സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും തേരാ പാര. 

റിസ്ക് ഫാക്ടർ

കരിക്കിന്റെ തുടക്കം മുതൽ 'ഇതൊരു സിനിമയാക്കിക്കൂടേ' എന്ന് ചോദിച്ച ഒരുപാട് ആളുകളുണ്ട്. ആലോചിച്ചപ്പോൾ ഒരു സിനിമക്കുള്ള വിഷയം വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്ന് തോന്നി. ഡിജിറ്റൽ ലോകത്ത് സജീവമായിത്തന്നെ ഉണ്ടാകും. പുതിയ വിഡിയോകള്‍ അണിയറയിൽ ഒരുങ്ങുന്നുണ്ട്. വെബ് സീരീസിനും വിഡിയോകൾക്കും സമാന്തരമായാണ് 'തേരാ പാര' സിനിമ വളരുന്നത്. മാത്രമല്ല, ഡിജിറ്റൽ ലോകത്തേക്ക് വരാത്ത, സിനിമകൾ മാത്രം കാണുന്ന ഒരുവിഭാഗം പ്രേക്ഷകരുമുണ്ട്. അവരിലേക്കും 'കരിക്ക്' എത്തിക്കുക എന്നതാണ് ലക്ഷ്യം. 

റിസ്ക് ഫാക്ടറുകളെപ്പറ്റി ആലോചിച്ച്, ചർച്ച ചെയ്തതിന് ശേഷം തന്നെയാണ് സിനിമയെടുക്കാം എന്ന തീരുമാനത്തിലേക്കെത്തുന്നത്. തീർച്ചയായും റിസ്ക് ഉണ്ട്. എന്നിരുന്നാലും വാണിജ്യപരമായി വലിയ നഷ്ടം വരാത്ത തരത്തിലാണ് സിനിമ പ്ലാൻ ചെയ്തിരിക്കുന്നത്. വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. 

സിനിമക്കൊപ്പം തേരാ പാര സീസൺ 2വും ഒരുങ്ങുന്നുണ്ട്. അത് അടുത്ത വർഷത്തോടെ പ്രേക്ഷകരിലേക്കെത്തും. സിനിമക്ക് ശേഷമാകും സീസൺ 2 എത്തുക. 

ധൈര്യം 'കരിക്ക്' തന്നെ

കേരളത്തിൽ ലോലനും ജോര്‍ജുമുൾപ്പെടെയുള്ള കരിക്കിലെ താരങ്ങൾക്ക് വലിയ സ്വീകാര്യതയുണ്ട്. അവരെ ആരെയും ഇനി പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. സിനിമയെപ്പറ്റിയുള്ള ആലോചനയിൽ ഇത് വലിയ ധൈര്യമായി. മാത്രമല്ല, സിനിമക്ക് മറ്റ് മാർക്കറ്റിങ്ങിന്റെയോ ആമുഖത്തിന്റെയോ ആവശ്യമുണ്ടെന്നും തോന്നുന്നില്ല. 

പരീക്ഷണങ്ങൾ തുടരും

എപ്പോഴും പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുക എന്നതാണ് ഡിജിറ്റൽ മേഖലയിൽ ശ്രദ്ധിക്കേണ്ട കാര്യം. ഒരേ വിഷയമോ ഒരേ കഥയോ പലയാവർത്തി കണ്ടാൽ ആളുകൾക്ക് ബോറടിക്കും. ചില കഥകളോട് ഒരുവിഭാഗം വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. വിമർശനങ്ങളിൽ നിന്നുണ്ടാകുന്ന അഭിപ്രായങ്ങളെ പരിഗണിക്കാറുണ്ട്. അടുത്ത എപ്പിസോഡിൽ അത് ശ്രദ്ധിക്കാറുണ്ട്. 

ഇനിയും പരീക്ഷണങ്ങൾ തുടരും. പുതുമയുണ്ടെങ്കിലേ പ്രേക്ഷകർ നമുക്കൊപ്പമുണ്ടാകൂ. വലിയൊരു വിഭാഗം ആളുകൾക്ക് കരിക്ക് ഇഷ്ടപ്പെടുന്നു എന്നതാണ് ഏറ്റവും സന്തോഷമുള്ള കാര്യം. ഏറ്റവും വേഗം പോപ്പുലർ ആയ വിഡിയോ ആണ് അടുത്തിറങ്ങിയ 'പികെ'. ഇന്ത്യയിലെ ഏറ്റവും പോപ്പുലർ ആയ രണ്ടാമത്തെ വിഡിയോ ആണ് 'പികെ'. പികെയെക്കുറിച്ചുയർന്ന വിമർശനങ്ങളെ പോസിറ്റീവ് ആയിത്തന്നെയാണ് കാണുന്നത്''- നിഖിൽ പറയുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...