‘വരവേല്‍പി’ലെ മോഹന്‍ലാലുമാര്‍ ഇപ്പോഴും; ചിലര്‍ ആത്മഹത്യ ചെയ്യുന്നു: ‘ആന്തൂരി’ല്‍ അന്തിക്കാട്

sathyan-new
SHARE

സ്വന്തം നാടും വീടും വിട്ട് വർഷങ്ങളോളം അന്യരാജ്യങ്ങളിൽ കിടന്ന് അധ്വാനിച്ച് സ്വരുക്കൂട്ടിയതെല്ലാം കയ്യിലൊതുക്കിയാണ് പല പ്രവാസികളും നാട്ടിലേക്ക് തിരികെ പറക്കുന്നത്. കൂടെ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും. പലരും നാട്ടിലെത്തി സ്വന്തമായി സംരംഭം തുടങ്ങുക എന്ന ലക്ഷ്യത്തോടെയാകും എത്തുന്നത്. അവരുടെ കഠിനാധ്വാനത്തിന് തടയിടുന്നത് ഇവിടുത്തെ അധികാരികളുടെ കാർക്കശ്യ മനോഭാവവും കണക്കറ്റ നൂലാമാലകളും. ഒടുവില്‍ സമ്പാദിച്ചതെല്ലാം നശിക്കുമ്പോൾ ആർക്കും കണ്ടുനിൽക്കാനാകില്ല.

ഇതു തന്നെയാണ് കണ്ണൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിലേക്ക് നയിച്ചതും. പുതുതായി നിർമിച്ച കൺവെൻഷൻ സെന്ററിന് നഗരസഭ അനുമതി നൽകാതിരുന്നതിൽ മനംനൊന്താണ് സാജൻ പാറയിൽ ആ കടുംകൈ ചെയ്തത്. ഇന്ന് കേരളം ഏറെ ചർച്ച ചെയ്യുന്ന ഈ സംഭവം ഒറ്റപ്പെട്ടതോ പുതുമയുള്ളതോ അല്ല. അതിന്റെ ഉദാഹരണമാണ് 29 വർഷങ്ങൾക്ക് മുമ്പ് സത്യൻ അന്തിക്കാട്– ശ്രീനിവാസൻ കൂട്ടുകെട്ടിൽ മോഹന്‍ലാൽ നായകനായി‌ പുറത്തിറങ്ങിയ ചിത്രം 'വരവേൽപ്'. 'വരവേൽപ്' എന്ന സിനിമ കാണാത്ത മലയാളി ഉണ്ടാകില്ല. മുരളി എന്ന പ്രവാസിയായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ഗൾഫിൽ അധ്വാനിച്ച് ഉണ്ടാക്കിയ സമ്പാദ്യവുമായി നാട്ടിലെത്തുന്നതും ആ പണം ഉപയോഗിച്ച് ബസ് വാങ്ങുന്നതും തുടർന്നുണ്ടാകുന്ന നൂലാമാലകളും പ്രശ്നങ്ങളുമൊക്കെയാണ് സിനിമ കൈകാര്യം ചെയ്യുന്നത്.

വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും മാറാത്ത കേരള സമൂഹത്തിനെക്കുറിച്ചും സിനിമ പിറന്ന വഴിയെക്കുറിച്ചും മനോരമ ന്യൂസ് ഡോട് കോമിനോട് പങ്കു വയ്ക്കുകയാണ് സത്യൻ അന്തിക്കാട്.

'വാസ്തവത്തിൽ അതൊരു യഥാർഥ അനുഭവത്തിൽ നിന്ന് രൂപപ്പെടുത്തി എടുത്ത കഥയാണ്. കമ്മ്യൂണിസ്റ്റ്കാരനായ തന്റെ അച്ഛൻ ഒരു ബസ് വാങ്ങിയതോടെ മുതലാളിയായി മുദ്രകുത്തപ്പെട്ടു. അതിന്റെ പേരില്‍ കിടപ്പാടം പോലും നഷ്ടപ്പെട്ട അനുഭവം ശ്രീനി പറയുമ്പോൾ അതിലൊരു സിനിമയ്ക്കുള്ള വിഷയം ഉണ്ടെന്ന് തോന്നി. സിനിമ പുറത്തിറങ്ങിയ ശേഷം 30 വർഷങ്ങളോളം ആയിട്ടും കേരളത്തിന്റെ അവസ്ഥയ്ക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നതാണ് പാവപ്പെട്ട ഒരു പ്രവാസിയുടെ ആത്മഹത്യയിൽ നിന്ന് മനസ്സിലാക്കുന്നത്.

ഭരണാധികാരികൾ തെറ്റ് തിരുത്താൻ ശ്രമിച്ചേക്കാം. പക്ഷേ നഷ്ടപ്പെട്ട ജീവൻ തിരിച്ചെടുക്കാൻ ആകില്ല. കേരളത്തിൽ വ്യവസായം തുടങ്ങാൻ പ്രവാസികളെ ക്ഷണിച്ചുകൊണ്ട് സർക്കാർ നടത്തുന്ന ഉദ്യമങ്ങൾക്കെല്ലാം ഇത്തരം സംഭവങ്ങൾ വലിയ തിരിച്ചടി ആയി മാറിയേക്കും. ഇനിയെങ്കിലും ഒരു വീണ്ടു വിചാരത്തിന് ബന്ധപ്പെട്ടവര്‍ തയാറാകട്ടെ. ഇതുപോലുള്ള അനുഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കട്ടെ'. സത്യൻ അന്തിക്കാട് പറയുന്നു. 

അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബഹാരി വാജ്പേയി പോലും ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. എറണാകുളത്ത് വ്യവസായ സംരംഭകർക്കായി ഒരു മീറ്റിങ് സംഘടിപ്പിച്ചിരുന്നു. 'ജിം' എന്നായിരുന്നു ആ പരിപാടിയുടെ പേര്. വ്യവസായ സംരംഭകർ, ഭരണകർത്താക്കൾ, മറ്റ് രാഷ്ട്രീയക്കാർ തുടങ്ങി നിരവധിപേർ പങ്കെടുത്ത ചടങ്ങിൽ അദ്ദേഹം വരവേൽപ് സിനിമയുടെ പേരെടുത്ത് പരാമർശിച്ചു. 'ആർക്കും വരവേൽപിലെ മോഹൻലാലിന്റെ അനുഭവം ഉണ്ടാകരുത്' എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. അന്ന് ഇത് വാർത്തയായിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...