ടീച്ചർ ഓരോന്നായി പറഞ്ഞുതന്നു; ഞാനാണ് അതിന്റെ ആളെന്ന് പറഞ്ഞില്ല: ആഷിഖ് അബു

വൈറസ് എന്ന ചലച്ചിത്രത്തിന്‍റെ ആശയം ശൈലജ ടീച്ചറുമായി വിശദമായി സംസാരിച്ചിരുന്നെന്ന് ആഷിഖ് അബു. സിനിമയിൽ കണ്ട ഓരോ കഥാപാത്രങ്ങളുടെയും യഥാർത്ഥ പ്രതിനിധികളെ ചൂണ്ടിക്കാണിച്ച് അവരെക്കുറിച്ച് പറഞ്ഞുതന്നത് ടീച്ചറാണെന്നും മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ആഷിഖ് അബു പറഞ്ഞു. 

‘സിനിമയുടെ ആശയം മന്ത്രിയുമായി സംസാരിച്ചിരുന്നു. ഒന്നരമണിക്കൂർ ഇരുന്ന് ടീച്ചർ മുഴുവൻ കാര്യങ്ങളും പറഞ്ഞു. ഓരോ ആളുകളെയും ഹാൻഡ്പിക് ചെയ്ത് ക്യാരക്ടേഴ്സ് പറഞ്ഞു. ഇന്നയാൾ ഇന്നത് ചെയ്തു. ഒരിക്കലും ഞാനാണിതിന്റെ ആളെന്ന് ടീച്ചർ പറഞ്ഞിട്ടില്ല. എല്ലാ ക്രെഡിറ്റുകളും ആളുകളെ തേടിപ്പിടിച്ചു കൊടുക്കുന്നയാളാണ്.  സിനിമ ശാസ്ത്രീയമായിരിക്കണമെന്നും ഒരിക്കലും ഡോക്യുമെൻററി ആകരുതെന്നും ടീച്ചർ പറഞ്ഞിട്ടുണ്ട്. ഡോക്യുമെൻററി ആകരുതെന്ന് ഒരു പത്ത് തവണയെങ്കിലും പറഞ്ഞിട്ടുണ്ടാകും'', ആഷിഖ് അബു കൂട്ടിച്ചേർത്തു. 

ഇതൊരു ത്രില്ലർ തന്നെയായിരിക്കും എന്ന ഉറപ്പ് ടീച്ചറിന് കൊടുത്തിരുന്നു. ഒരു വൈറോളജിസ്റ്റ് സംസാരിക്കുന്നതു പോലെയാണ് ടീച്ചർ സംസാരിച്ചിരുന്നത്. അത്രത്തോളം ഈ വിഷയത്തെക്കുറിച്ച് പഠിച്ചിരുന്നുെവന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. 

മുഹ്സിനോടാണ് സിനിമയുടെ ആശയം ആദ്യം പറയുന്നത്.  ഇത്രയും വലിയൊരു സ്റ്റാർ കാസ്റ്റിനെ സിനിമയിലേക്കെത്തിക്കുന്നതില്‍ എഴുത്തുകാരും വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവർ അതിഭീകരമായി ജോലി ചെയ്തിട്ടുണ്ട്. ഒരുപാട് പഠനങ്ങൾ നടന്നിട്ടുണ്ട്. 

റിമയെ ഇപ്പോഴും നടിയായിത്തന്നെ കാണുന്നുണ്ട്. വ്യക്തിപരമായ കാര്യങ്ങൾ വേറെ. ഇതിനു മുൻപും നഴ്സ് ആയി റിമ അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല, ഒറ്റനോട്ടത്തിൽ ലിനിയുമായി റിമക്ക് എന്തൊക്കെയോ സാദൃശ്യങ്ങളുണ്ടെന്നും സംവിധായകൻ അഭിമുഖത്തിൽ പറഞ്ഞു.  

ലിനി കടന്നുപോയ അവസ്ഥകളെക്കുറിച്ച്, ആ കത്തെഴുതുമ്പോൾ കടന്നുപോയ മാനസികാവസ്ഥ ഇതൊക്കെ താൻ അഭിനയിക്കുന്ന സമയത്ത് ആലോചിച്ചിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നു റിമ കല്ലിങ്കലും കൂട്ടിച്ചേർത്തു. 

''ആ നാട്ടുകാരുടെ ഇമോഷണല്‍ ഗ്രാഫ് വലുതായിരുന്നു. രണ്ടാമതൊരു വേവ് വന്നപ്പോഴാണ് ആദ്യം പലരും നടത്തിയ അന്വേഷണങ്ങളുടെ പ്രസക്തി മനസിലാകുന്നത്'', റിമ കൂട്ടിച്ചേര്‍ത്തു.