മമ്മൂട്ടിയുടെ ‘യാത്ര’യെ വെല്ലുമോ ‘മോദി’; ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ ഇങ്ങനെ

തിരഞ്ഞെടുപ്പിന് മുൻപും ശേഷവും തിയറ്ററിന് പുറത്തും അകത്തും ഇത്തവണ സജീവ ചർച്ചയായത് പൊളിറ്റിക്കൽ ബയോപിക്കുകളാണ്.  മന്‍മോഹന്‍ സിങ്ങിന്റെയും ബാല്‍ താക്കറെയുടെയും വൈ.എസ്.രാജശേഖര റെഡ്ഡിയുടെയും അടക്കമുള്ള ജീവചരിത്ര സിനിമകൾ തിയറ്ററിലെത്തിയിരുന്നു. എന്നാൽ ഇക്കൂട്ടത്തിൽ വിവാദത്തിൽപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന 'പിഎം നരേന്ദ്ര മോദി' എന്ന സിനിമയാണ്. എന്നാൽ ബിജെപിയുടെ മഹാവിജയത്തിന് ശേഷം തിയറ്ററിലെത്തിയ സിനിമയുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.  

ഒമംഗ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിൽ വിവേക് ഒബ്‌റോയിയാണ് മോദിയായി എത്തുന്നത്. ആദ്യ ദിനം അഞ്ച് കോടിയോളം രൂപയാണ് ചിത്രം സ്വന്തമാക്കിയതെന്നാണ് വിലയിരുത്തൽ. എന്നാല്‍ ഇത് നിര്‍മ്മാതാക്കളോ ബോളിവുഡിലെ പ്രമുഖ ട്രേഡ് അനലിസ്റ്റുകളോ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ സിനിമ കാണാൻ വലിയ തള്ളിക്കയറ്റമില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പെത്തിയ പൊളിറ്റിക്കല്‍ ബയോപിക്കുകളില്‍ മമ്മൂട്ടി നായകനായ 'യാത്ര' ഒഴികെ ഒരു ചിത്രവും ബോക്‌സ്ഓഫീസില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. യാത്ര എന്ന ചിത്രം ആന്ധ്രയിൽ വലിയ ചർച്ചയാവുകയും തിരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസിനെ അധികാരത്തിലെത്തിക്കുകയും ചെയ്തിരുന്നു. 

യാത്രയും മോദിയും അല്ലാതെ വേറെയും ബയോപിക്കുകള്‍ ഈ വോട്ടുകാലം ലക്ഷ്യം വച്ചെത്തി. പലതും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഒരുങ്ങിയതാണെന്ന ആക്ഷേപവും ഉയര്‍ന്നു.