'അടിടാ അവളെ'; ആ വരികളിൽ തെറ്റ് പറ്റി; സ്ത്രീവിരുദ്ധം; മാപ്പ് പറഞ്ഞ് സെല്‍വരാഘവന്‍

തന്റെ  ചിത്രത്തിലെ ഗാനത്തിന്റെ വരികൾക്ക് മാപ്പുപറഞ്ഞ് സംവിധായകന്‍ സെൽവരാഘവൻ. ഒൻപത് വർഷം മുൻപ് പുറത്തിറങ്ങിയ ഹിറ്റ് ചിത്രം മയക്കം എന്ന യിലെ 'അടിടാ അവളെ' എന്ന വരികൾക്കാണ് സംവിധായകൻ മാപ്പുപറഞ്ഞത്. കടുത്ത സ്ത്രീവിരുദ്ധതയുള്ളതിനാലാണ് ഖേദപ്രകടനമെന്ന് സെൽവരാഘവൻ വ്യക്തമാക്കി. 

''ഒരു സംവിധായകന് സാമൂഹിക പ്രതിബദ്ധതയുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഞാൻ മാപ്പ് പറയുന്നു. അത്തരം വരികൾ ഒരിക്കലും എഴുതാൻ പാടില്ലായിരുന്നു. അത് തെറ്റാണ്. ഞാനല്ല ആ വരികൾ എഴുതിയത്''- സെൽവരാഘവൻ വ്യക്തമാക്കി. സെൽവരാഘവന്റെ സഹോദരനും ചിത്രത്തിലെ നായകനുമായ ധനുഷ് ആണ് ആ വരിളെഴുതിയത്. 'അടിടാ അവളെ, ഉധൈതാ അവളെ, വിട്രാ അവളെ, തേവൈ ഇല്ല' എന്നിങ്ങനെയാണ് വിവാദമായ വരികൾ. 

പ്രണയനൈരാശ്യത്തെത്തുടർന്ന് നായികയെ ചീത്ത വിളിക്കുന്ന, അക്രമം പ്രകടിപ്പിക്കുന്ന നായകന്മാർ തമിഴ് സിനിമയിൽ സർവസാധാരണമാണ്. 'സൂപ്പ് സോങ്' എന്നറിയപ്പെടുന്ന ഇത്തരം ഗാനങ്ങളിൽ ചിലത്  സൂപ്പർ ഹിറ്റായിട്ടുണ്ട്. പ്രണയത്തകർച്ചകളിൽ സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തുന്ന, മോശമായി ചിത്രീകരിക്കുന്ന ഗാനങ്ങൾ മുൻപും വിവാദത്തിലായിട്ടുണ്ട്.