‘എന്റെ ടൈറ്റാനിക്കിനെ അവഞ്ചേഴ്സ് മുക്കി’; കുറിപ്പിട്ട് കാമറൂൺ; ഇനി അവതാർ മാത്രം

ലോകമെമ്പാടും വമ്പൻ കളക്ഷൻ നേടി മുന്നേറുന്ന അവഞ്ചേഴ്സിന് മുന്നിൽ വർഷങ്ങളായി കയ്യടക്കി വച്ചിരുന്ന ടൈറ്റാനിക്കിന്റെ റെക്കോർഡ് പഴങ്കഥയായി. ലോകത്തെ ഏറ്റവും വലിയ പണം വാരി ചിത്രമെന്ന റെക്കോർഡാണ് ടൈറ്റാനിക്കിന് ഒാർമയാകുന്നത്. നിലവിൽ രണ്ടാംസ്ഥാനത്ത് തുടരുകയായിരുന്നു ലോകസിനിമയിലെ ഇൗ കപ്പൽ പ്രണയം. ‘അവഞ്ചേഴ്സ്: എൻഡ് ഗെയിം’ ടൈറ്റാനിക്കിനെ പിന്തള്ളി രണ്ടാമതെത്തി. ഇതോടെ ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ജെയിംസ് കാമറൂണും രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അവഞ്ചേഴ്സിന്റെ അണിയറപ്രവർത്തകരെ അഭിനന്ദിച്ചത്. ജെയിംസ് കാമറൂണിന്റെ  അവതാർ എന്ന ചിത്രമാണ് ലോകത്തെ പണംവാരി ചിത്രങ്ങളിൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത്. 

അവഞ്ചേഴ്സ് വന്നിടിക്കുമ്പോൾ ടൈറ്റാനിക് മുങ്ങിപ്പോവുന്ന ഒരു ചിത്രം പങ്കുവച്ചാണ് കാമറൂൺ അണിയറപ്രവർത്തകരെ അനുമോദിച്ചത്. ‘ഒരു മഞ്ഞുമലയാണ് യഥാർഥ ടൈറ്റാനിക്കിനെ മുക്കിയത്. എന്റെ ടൈറ്റാനിക്കിനെ അവഞ്ചേഴ്സ് മുക്കിയിരിക്കുന്നു. ലൈറ്റ്സ്റ്റോം എന്റർടെയിൻമെന്റിലെ എല്ലാവരും നിങ്ങളുടെ നേട്ടത്തെ അഭിനന്ദിക്കുന്നു. സിനിമാ ലോകം മറ്റെന്തിനേക്കാളും വലുതാണെന്ന് നിങ്ങൾ ഒരിക്കൽ കൂടി കാണിച്ചു തരുന്നു.’ അദ്ദേഹം കുറിച്ചു. കാമറൂണിന്റെ ട്വീറ്റിന് നന്ദി പറഞ്ഞു കൊണ്ട് മാർവൽ ഫാൻസും രംഗത്തെത്തി.

അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കുകളിലാണ് ജെയിംസ് കാമറൂൺ.രണ്ടാഴ്ച കൊണ്ട് 2.2 ബില്യൺ ഡോളറാണ് ചിത്രം കളക്റ്റ് ചെയ്തത്. ടൈറ്റാനിക്കിന്റെ ഇതുവരെയുള്ള കളക്ഷൻ 2.1 ബില്യൺ ഡോളറായിരുന്നു. നിലവിൽ 2.78 ബില്യൺ റെക്കോർഡ് കളക്ഷൻ നേടി ഒന്നാം സ്ഥാനത്തുള്ള കാമറൂൺ  ചിത്രം അവതാറിന്റെ റെക്കോർഡും അവഞ്ചേഴ്സ് മറികടക്കുമോ എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ.