ക്യൂ നില്‍ക്കാതെ വോട്ടു ചെയ്ത് അജിത്തും ശാലിനിയും; കയർത്ത് സ്ത്രീകള്‍; വിഡിയോ

കേരളത്തിലടക്കം നിരവധി ആരാധകരുള്ള തമിഴ്നടനാണ് അജിത്ത്. പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം സെല്‍ഫിയെടുക്കാനും സംസാരിക്കാനുമെല്ലാം ആരാധകർ ഒപ്പം കൂടാറുണ്ട്. എന്നാൽ ആ ഇഷ്ടവും ആരാധനയുമെല്ലാം പ്രതിഷേധത്തിലേക്ക് വഴിമാറുന്ന കാഴ്ചയാണ് തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പു ദിവസം കണ്ടത്. ക്യൂവില്‍ നില്‍ക്കാതെ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങിയ അജിത്തിനും ഭാര്യ ശാലിനിക്കുമെതിരെ ആളുകൾ പ്രതിഷേധിക്കുന്ന വിഡിയോ നവമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

ഏപ്രിൽ 20 തിന് ആയിരുന്നു തമിഴ്നാട്ടിൽ പോളിങ്ങ്. തിരുവണ്‍മിയുര്‍ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്താനായി ഇരുവരും എത്തിയപ്പോഴായിരുന്നു സംഭവം. ഇവരെ കണ്ടതോടെ പതിവുപോലെ സെല്‍ഫിയെടുക്കാനും കൈകൊടുക്കാനുമായി ആരാധകര്‍ ചുറ്റും കൂടി. ഇതിനിടെ താരങ്ങളെയുെ കൊണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ പോളിങ് ബൂത്തിനകത്തേക്ക് കയറി. ഈ നടപടി ചില സ്ത്രീകൾ ചോദ്യം ചെയ്യാൻ തുടങ്ങി. 

താരങ്ങൾ തിരിച്ചിറങ്ങിയപ്പോൾ ചിലർ ആർപ്പുവിളികളോടെ സ്വീകരിച്ചപ്പോൾ മറ്റു ചിലർ പ്രതിഷേധവുമായെത്തി. വോട്ടു ചെയ്യാനെത്തിയ സ്ത്രീകളിൽ ചിലർ ശാലിനിയോട് കയര്‍ക്കുന്നുമുണ്ടായിരുന്നു. പൊലീസുകാര്‍ ഉടന്‍ തന്നെ ശാലിനിയെ വാഹനത്തിലേക്ക് മാറ്റി. ആളുകൾക്കിടയിലകപ്പെട്ട അജിത്തിനെ ഏറെ പാടുപെട്ടാണ് പുറത്തെത്തിച്ചത്. പുറത്തിറങ്ങിയതിനു ശേഷം അജിത്ത് ക്ഷമ ചോദിച്ചെന്നും ചിലർ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

താരങ്ങളുടെ നടപടിയെ വിമർശിച്ചും ഇവരെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ക്യൂവില്‍ നില്‍ക്കാന്‍ ഇവർ തയ്യാറായിരുന്നെന്നും ആരാധകരുടെ തള്ളിക്കയറ്റം മൂലമാണ് അതിന് സാധിക്കാതിരുന്നതെന്നും പിന്തുണക്കുന്നവർ പറയുന്നു.