വേറെ ലെവല്‍; സൂപ്പര്‍താരമല്ല, സുഹൃത്ത്; മമ്മൂട്ടി അനുഭവം പങ്കുവെച്ച് ജയ്

പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ സന്തതസഹചാരി പൃഥ്വിരാജ് ആയിരുന്നുവെങ്കിൽ മധുരരാജയില്‍ അത് തമിഴ് നടൻ ജയ് ആണ്. രണ്ടാം ഭാഗത്തിൽ പൃഥ്വിരാജ് എത്തുന്നുമില്ല. മമ്മൂട്ടിയോടൊപ്പമുള്ള മധുരരാജ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ജയ്. 

''ഞാൻ ആദ്യം വിചാരിച്ചത് സൂപ്പർസ്റ്റാർ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുകയാണെന്നാണ്. പക്ഷേ, എനിക്കു ലഭിച്ചതാകട്ടെ, സൂപ്പർസ്റ്റാർ എന്നതിനുമപ്പുറം സുഹ‍ൃത്തായ ഒരു സഹതാരത്തോടൊപ്പം സ്ക്രീൻ പങ്കിടുന്ന അനുഭവം. അദ്ദേഹത്തിന്‍റെ നർമബോധവും കരുതലും പ്രത്യേകം എടുത്തുപറയണം, വേറെ ലെവൽ. ഈ സ്നേഹത്തിന് നന്ദി മമ്മൂക്കാ'', ജയ് ട്വിറ്ററിൽ‌ കുറിച്ചു. 

പുലിമുരുകന്റെ  വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിച്ചു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജ റിലീസിനെത്തിയത്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം, തമിഴ് , തെലുങ്ക് ഭാഷകളിലെ വൻ താരനിരയും അണിനിരക്കുന്നു. 

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം എന്നിവരാണ് നായികമാർ. ആർ.കെ.സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ, സലീം കുമാർ, അജു വർഗീസ്, ധർമജൻ, ബിജുക്കുട്ടൻ, സിദ്ധിഖ്, എം.ആർ.ഗോപകുമാർ, കൈലാഷ്, ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ, ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവർ മറ്റു പ്രധാന താരങ്ങളാകുന്നു. സണ്ണി ലിയോൺ ഐറ്റം ഡാൻസുമായി ചിത്രത്തിൽ എത്തുന്നുണ്ട്.