ഫഹദിന്റെ വാക്ക് പൊന്നായി; കയ്യടി നേടി അതിരൻ

വേണ്ടെന്നുവച്ച സിനിമയ്ക്കുപിന്നാലെ വേറിട്ട സിനിമയൊരുക്കി ഒരു നവാഗതസംവിധായകന്‍. അതിരന്‍ എന്ന ഫഹദ് ഫാസില്‍ ചിത്രവുമായെത്തിയ വിവേകിന് അതിരില്ലാത്ത പ്രശംസയുമായെത്തുകയാണ് സിനിമാലോകം .പരസ്യരംഗത്തും സിനിമാവിതരണരംഗത്തുമുള്ള പരിചയംമാത്രം കൈമുതലാക്കിയാണ് വിവേക് തന്റെ ആദ്യ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

തിയറ്ററില്‍ നല്ല അഭിപ്രായം നേടി തന്റെ കന്നിചിത്രം മുന്നേറുമ്പോഴാണ് സംവിധായകന്‍ വിവേക് സിനിമയെ വെല്ലുന്ന ആ കഥ പറഞ്ഞത്. ആദ്യം ആലോചിച്ചത് റൊമാന്റിക് കോമഡിയാണ്. ഷുട്ടിങ് തുടങ്ങി ഏഴാം ദിവസം ആ സിനിമ വേണ്ടെന്ന് പറഞ്ഞത് നായകന്‍ ഫഹദ് തന്നെയാണ്. ഉപേക്ഷിക്കപ്പെട്ട ആ സിനിമ പക്ഷെ മോശമായിരുന്നില്ല. കാരണം വിവേക് എന്ന സംവിധായകനെ പൂര്‍ണവിശ്വാസത്തിലെടുത്ത് ഇതിനേക്കാള്‍ വലിയ സിനിമയാകും താങ്കളുടെ ആദ്യ സിനിമ എന്ന് ഫഹദ് പറഞ്ഞയിടത്താണ് അതിരന്‍ എന്ന സിനിമയുടെ പിറവി. മുടങ്ങിയ സിനിമയുടെ കാശ് പൂര്‍ണമായും നിര്‍മാതാവിന് മടക്കി നല്‍കിയതും ഫഹദായിരുന്നു. ഈമയൗ എന്ന ചിത്രത്തിനുശേഷം ദേശീയപുരസ്കാര ജേതാവ് പി.എഫ്.മാത്യുസ് വിവേകിന്റെ കഥയില്‍ അതിരനായി തിരക്കഥയൊരുക്കി . 

ഫഹദിനൊപ്പം സായി പല്ലവിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം വിവേകിന് നിരൂപകരുടെയടക്കം പ്രശംസ നേടിക്കൊടുത്തു. സംവിധാനം പഠിച്ചിട്ടില്ല. ആരുടെയും കീഴില്‍ സംവിധാന സഹായിയും ആയിട്ടില്ല. ബാഹുബലിയടക്കമുള്ള വലിയ സിനിമകളുടെ വി‌തരണത്തിന്റെ പരിചയം മാത്രം കൈമുതലാക്കിയാണ് അതിരനിലൂടെ വിവേക് മലയാള സിനിമാരംഗത്ത് ചുവടുറപ്പിക്കുന്നത്.